പറവൂർ: ക്രിമിനൽ കേസുകളിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കോടതികളും ഈ നേതാക്കൾക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചതും, അയ്യപ്പന്റെ ദ്വാരപാലക ശില്പം ഒരു കോടീശ്വരന് വിറ്റതും, പകരം വ്യാജ ചെമ്പ് ശില്പം പ്രതിഷ്ഠിച്ചതും അടങ്ങിയ ഗുരുതര ആരോപണങ്ങളാണ് നേതാക്കൾക്കെതിരെയുള്ളത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഹൈക്കോടതിയും സുപ്രീം കോടതിയും കർശനമായ ഭാഷയിൽ ജാമ്യം നിഷേധിച്ചിരുന്നു.
ഇപ്പോൾ മാത്രം സാങ്കേതിക കാരണത്താൽ അവർ പുറത്തിറങ്ങിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇത്ര വലിയ കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായി കോടതികൾ തന്നെ സംശയിക്കുന്ന വ്യക്തികളെ പാർട്ടി സംരക്ഷിക്കുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.




