പാലക്കാട് ജില്ലയില്‍ ശക്തമായ ഇടത് വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് മലമ്പുഴ. പതിറ്റാണ്ടുകളോളം മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് അതികായനുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ ഉരുക്ക് കോട്ട. ആ വിഎസ് ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പ് കാലം കടന്നു വരുമ്പോള്‍ ഇക്കുറിയും വിജയം തന്നെയാണ് സിപിഎം കണക്കുകൂട്ടുന്നത്. കഴിഞ്ഞു പോയ തെരഞ്ഞെടുപ്പുകളില്‍ എല്ലാം സിപിഎമ്മിന് കുത്തിയ ചരിത്രം മാത്രമുള്ള മണ്ഡലമാണ് മലമ്പുഴ. മാത്രമല്ല ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതിന് മേല്‍ക്കൈയുണ്ടായിരുന്നു. അതേസമയം, ഇത്തവണ ഒരു അപ്രതീക്ഷിത ട്വിസ്റ്റുണ്ട്. കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നത്തില്‍ ഇക്കുറി മത്സരിക്കുന്നത് അതേ വി.എസ് അച്യുതാനന്ദന്റെ വലംകൈ ആയിരുന്ന എസ് സുരേഷാണ്. ഒരുപക്ഷേ കോണ്‍ഗ്രസിന് ഇത്തവണ മലമ്പുഴയില്‍ എന്തെങ്കിലും തരത്തില്‍ പ്രതീക്ഷയുണ്ടെങ്കില്‍ അത് വിഎസിന്റെ ഓര്‍മകള്‍ പേറുന്ന സുരേഷില്‍ മാത്രമായിരിക്കും. വി.എസ് എന്ന അതികായന്റെ സാന്നിധ്യമില്ലാത്ത രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ മലമ്പുഴ നേരിടുമ്പോള്‍, ചരിത്രവും വികാരവും വികസനവും ഒരുപോലെ ചര്‍ച്ചാവിഷയമാകുന്നു.
സിപിഎം വിട്ട സുരേഷിനെ മത്സരിപ്പിക്കുന്നത് ഇടത് വോട്ടില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഒരു സ്വതന്ത്രന്‍ സ്ഥാനാര്‍ത്ഥിയായാല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തെ അത് ബാധിക്കുമെന്ന പ്രാദേശിക വികാരവും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി വേണമെന്ന് നിലപാടും ഉയര്‍ന്നതോടെയാണ് സുരേഷിനെ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തത്. പക്ഷേ, ഇത്തവണ കാര്യങ്ങള്‍ കേരളത്തില്‍ മറ്റിടങ്ങളിലെ പോലെ തന്നെ മലമ്പുഴയിലും കുറച്ച് വ്യത്യസ്തമാണ്. മണ്ഡലത്തില്‍ കഴിഞ്ഞ നാളുകളില്‍ ബിജെപിക്ക് കിട്ടിയ വളര്‍ച്ച കാണാതിരിക്കാനാവില്ല.
ഇതുവരെ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കാത്ത മണ്ഡലം കൂടിയാണ് മലമ്പുഴ. അവസാനം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളില്‍ 2016ലും 2021ലും മൂന്നാം സ്ഥാനത്തേക്ക് യുഡിഎഫ് പിന്തള്ളപ്പെട്ടിരുന്നു. വികസനവും ശക്തമായ പാര്‍ട്ടി അടിത്തറയുമാണ് എക്കാലവും ഇടതു പക്ഷത്തെ മലമ്പുഴയില്‍ വേരുറപ്പിക്കാന്‍ സാധ്യമാക്കുന്ന ഘടകമായി കണക്കാക്കുന്നത്. പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട് സിറ്റി പദ്ധതിയും സിപിഎം ഉയര്‍ത്തികാട്ടുന്നുണ്ട്. ഇത് ഇത്തവണയും ഇടതിനെ തുണക്കാന്‍ സാധ്യത കൂടുതലുമാണ്. അതിനാല്‍ത്തന്നെ ഒരു അപ്രതീക്ഷിത നീക്കം കോണ്‍ഗ്രസിന് ഇവിടെ വേണമായിരുന്നു. വി.എസ്. അച്യുതാനന്ദന്റെ വലംകൈയ്യും വിശ്വസ്തനുമായിരുന്ന എസ്. സുരേഷിനെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ തന്നെ മത്സരരംഗത്തിറക്കിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സി.പി.എം വിട്ടെത്തിയ സുരേഷിലൂടെ ഇടതു വോട്ടുകളില്‍ വിള്ളലുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സുരേഷിന് പ്രാദേശിക തലത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും, വി.എസിനോടുള്ള ജനങ്ങളുടെ വൈകാരിക ബന്ധം വോട്ടായി മാറുമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
ചരിത്രം ചുവപ്പിച്ച മലമ്പുഴ
1965-ല്‍ രൂപീകൃതമായതു മുതല്‍ ഇടതുപക്ഷത്തിന് മാത്രം വാതില്‍ തുറന്നുനല്‍കിയ ചരിത്രമാണ് മലമ്പുഴയുടേത്. എം.പി. കുഞ്ഞിരാമന്‍ മുതല്‍ ഇ.കെ. നായനാര്‍ വരെയും, പിന്നീട് ടി. ശിവദാസമേനോനും ഈ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. എന്നാല്‍ 2001-ല്‍ വി.എസ്. അച്യുതാനന്ദന്‍ മാരാരിക്കുളത്തെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം മലമ്പുഴയിലെത്തിയതോടെയാണ് ഈ മണ്ഡലം കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. 2001 മുതല്‍ 2016 വരെ തുടര്‍ച്ചയായി നാല് തവണ വി.എസ് ഇവിടെ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചുകയറി. ശക്തമായ പാര്‍ട്ടി അടിത്തറയും വികസന പ്രവര്‍ത്തനങ്ങളും മലമ്പുഴയെ എന്നും സി.പി.എമ്മിന്റെ സുരക്ഷിത താവളമാക്കി മാറ്റി.
വെല്ലുവിളിയായി ബിജെപി
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും (2016, 2021) യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പി ഇവിടെ കരുത്ത് തെളിയിച്ചിട്ടുണ്ട്. 2021-ല്‍ എ. പ്രഭാകരന്‍ 75,934 വോട്ടുകളുമായി വിജയിച്ചപ്പോള്‍, ബി.ജെ.പിയുടെ സി. കൃഷ്ണകുമാര്‍ 50,200 വോട്ടുകള്‍ നേടി രണ്ടാമതെത്തിയിരുന്നു. വെറും 35,444 വോട്ടുകള്‍ മാത്രം നേടാനായ കോണ്‍ഗ്രസിന് ഇത്തവണ നില മെച്ചപ്പെടുത്തുക എന്നത് ജീവന്‍മരണ പോരാട്ടമാണ്. ബി.ജെ.പിയുടെ വളര്‍ച്ച ഇടത്-വലത് മുന്നണികളെ ഒരേപോലെ ആശങ്കപ്പെടുത്തുന്നുണ്ട്.
2021ല്‍ മലമ്പുഴയില്‍ സംഭവിച്ചതെന്ത്?
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടിയാണ് മണ്ഡലം നിലനിര്‍ത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ. പ്രഭാകരന്‍ 75,934 വോട്ടുകള്‍ നേടി വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ 50,200 വോട്ടുകളും നേടി രണ്ടാമതെത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ എസ്.കെ. അനന്തകൃഷ്ണന്‍ 35,444 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ മേല്‍ക്കൈയും ശക്തമായ കേഡര്‍ സംവിധാനവും തങ്ങളെ ഇക്കുറിയും തുണയ്ക്കുമെന്ന് സി.പി.എം വിശ്വസിക്കുന്നു. എന്നാല്‍, പഴയ തട്ടകത്തിലെ വോട്ടുകള്‍ സുരേഷിലൂടെ ചോരുമോ എന്ന നേരിയ ആശങ്കയും അണിയറയിലുണ്ട്.
മലമ്പുഴയുടെ മണ്ണില്‍ രാഷ്ട്രീയത്തേക്കാള്‍ ഉപരി വ്യക്തിബന്ധങ്ങള്‍ക്കും വികാരങ്ങള്‍ക്കും വലിയ സ്ഥാനമുണ്ട്. വി.എസിന്റെ നിഴലായി നടന്ന സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു വികാരമായി മാറിയാല്‍ അത് ചരിത്രത്തിലാദ്യമായി മലമ്പുഴയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കിയേക്കാം. എങ്കിലും, ചുവപ്പിന്റെ വേരുകള്‍ അത്രമേല്‍ ആഴ്ന്നിറങ്ങിയ ഈ മണ്ണില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമോ അതോ ചെങ്കോട്ട അജയ്യമായി തുടരുമോ എന്നത് കണ്ടറിയണം. ഓരോ വോട്ടും നിര്‍ണ്ണായകമായ ഈ പോരാട്ടത്തില്‍, മലമ്പുഴ ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് കേരളം ഉറ്റുനോക്കുന്ന വലിയ ചോദ്യമായി അവശേഷിക്കുന്നു.


