ടെഹ്റാൻ: ഇറാനിലെ പ്രധാനപ്പെട്ട പാലം വ്യോമാക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ടെഹ്റാനെയും കരാജ് നഗരത്തെയും ബന്ധിപ്പിക്കുന്ന ബി-1 പാലമാണ് ആക്രമണത്തിൽ തകർന്നത്. അമേരിക്കൻ സൈന്യമാണ് ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ ആക്രമണത്തിൽ 8 പേർ മരിച്ചു. ഏകദേശം 95 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാലത്തിന് നേരെ രണ്ട് തവണ ആക്രമണം നടന്നതായി ഇറാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. ആദ്യ ആക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിക്കാൻ എത്തിയവരാണ് രണ്ടാം ആക്രമണത്തിൽ വീണ്ടും പരിക്കേറ്റത്.
പാലത്തിലൂടെ യാത്ര ചെയ്തിരുന്ന സാധാരണക്കാർക്കും സമീപ പ്രദേശത്തെ താമസക്കാരുമാണ് കൂടുതൽ ബാധിക്കപ്പെട്ടത്. ഇതിനിടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി കൂടുകയാണ്. ഇറാൻ കരയുദ്ധത്തിനായി തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ആക്രമണം തുടരുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇറാൻ സൈന്യം സജ്ജമാകുന്നത്.
ഇറാൻ സൈനിക മേധാവി അമിർ ഹാത്മി സേനയെ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാകാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാൻ ഭൂമിയിലെത്തുന്ന ഒരു അമേരിക്കൻ സൈനികനും ജീവനോടെ മടങ്ങില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ശക്തമാക്കാൻ ഇറാൻ കൂടുതൽ നടപടികൾ സ്വീകരിക്കുന്നതായും റിപ്പോർട്ടുണ്ട്.






