ഇരിക്കൂർ: നിക്ഷേപിച്ച പണം തിരികെ നൽകാത്തതും കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതുമെന്നാരോപിച്ച് ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. നിക്ഷേപകരായ റിട്ട. പ്രിൻസിപ്പൽ സി. പദ്മനാഭനും പി. ശ്രീജയും നൽകിയ പരാതിയിലാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രണ്ടാം കോടതി നടപടി എടുത്തത്. അഭിഭാഷകൻ മുഹമ്മദ് രിഫായി പാമ്പുരുത്തി മുഖേനയാണ് പരാതി നൽകിയത്.
ബാങ്ക് സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം ആറുപേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ചികിത്സ ആവശ്യത്തിനായി പണം പിൻവലിക്കാൻ എത്തിയ നിക്ഷേപകരെ ബാങ്ക് അധികൃതർ തെറ്റിദ്ധരിപ്പിച്ചതായും പരാതിയിൽ പറയുന്നു. സ്ഥിര നിക്ഷേപം സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റാനും വലിയ തുകകൾ പലരുടെയും പേരിൽ വിഭജിക്കാനും നിർബന്ധിച്ചുവെന്നും ആരോപണം ഉണ്ട്. ഇങ്ങനെ ചെയ്താൽ ഉടൻ പണം നൽകാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പണം നൽകാൻ തയ്യാറായില്ലെന്നും പരാതിക്കാർ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




