ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു എന്ന സൂചനകൾ നൽകിക്കൊണ്ട് രാജ്യസഭാ എംപി രാഘവ് ചദ്ദയ്‌ക്കെതിരെ പാർട്ടി നേതൃത്വം പരസ്യമായി രംഗത്തെത്തി. സോഫ്റ്റ് പിആർ വർക്കുകൾക്കും വ്യക്തിപരമായ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനുമുള്ള നീക്കങ്ങൾ അവസാനിപ്പിച്ച് പാർലമെന്റിൽ ബിജെപിക്കെതിരെ നിർഭയമായി ചോദ്യങ്ങൾ ഉന്നയിക്കാൻ മുതിർന്ന നേതാവ് സൗരഭ് ഭരദ്വാജ് ചദ്ദയെ ഉപദേശിച്ചു. പാർട്ടിയുടെ രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും രാഘവ് ചദ്ദയെ നീക്കി പകരം അശോക് മിത്തലിനെ നിയമിച്ചതിന് പിന്നാലെയാണ് നേതൃത്വവും ചദ്ദയും തമ്മിലുള്ള വാക്പോര് തെരുവിലേക്കെത്തിയത്.
രാജ്യസഭാ സ്ഥാനത്ത് നിന്നുള്ള മാറ്റത്തിന് പിന്നാലെ, താൻ ജനകീയ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ഒരു കുറ്റമാണോ എന്ന് ചോദിച്ചുകൊണ്ട് രാഘവ് ചദ്ദ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് സൗരഭ് ഭരദ്വാജ് അതിശക്തമായ വിമർശനങ്ങളുമായി എത്തിയത്. “രാഘവ് ഭായ്, പേടിക്കുന്നവൻ മരിച്ചതിന് തുല്യമാണെന്നാണ് അരവിന്ദ് കെജ്‌രിവാൾ നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുക എന്നതും സർക്കാരിന്റെ കണ്ണിൽ നോക്കി ചോദ്യങ്ങൾ ചോദിക്കുക എന്നതുമാണ് നമ്മുടെ ജോലി. നിസ്സാരമായ കാര്യങ്ങൾക്കും സെലിബ്രിറ്റി സ്വഭാവമുള്ള പ്രചാരണങ്ങൾക്കും പകരം പാർലമെന്റിലെ സമയം ഗൗരവമുള്ള രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ഉപയോഗിക്കൂ” എന്ന് ഭരദ്വാജ് തുറന്നടിച്ചു.
രാജ്യസഭയിൽ പഞ്ചാബിലെ ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ചദ്ദ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നും, പകരം സഭയ്ക്കുള്ളിലെ ഭക്ഷണത്തെക്കുറിച്ചും സമൂസയെക്കുറിച്ചും സംസാരിച്ച് സമയം കളയുന്നത് എന്തിനാണെന്നും ഭരദ്വാജ് വീഡിയോ സന്ദേശത്തിലൂടെ പരിഹസിച്ചു. സർക്കാരിനെതിരായ സുപ്രധാന നീക്കങ്ങളിൽ രാഘവ് ചദ്ദ പ്രതിപക്ഷ സഖ്യത്തിനൊപ്പം നിൽക്കുന്നില്ലെന്ന ഗുരുതരമായ ആരോപണവും പാർട്ടി ഇപ്പോൾ ഔദ്യോഗികമായി ഉയർത്തുന്നുണ്ട്. പ്രത്യേകിച്ചും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യുന്നതിനായി പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന പ്രമേയത്തിൽ ഒപ്പിടാൻ ചദ്ദ വിസമ്മതിച്ചത് പാർട്ടിയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.
രാജ്യം മുഴുവൻ വ്യാജ വോട്ടുകൾ ചേർക്കുന്നതും സിസ്റ്റം അട്ടിമറിക്കുന്നതുമായ രീതികൾ ബിജെപി അവലംബിക്കുമ്പോൾ, അതിനെതിരെ ശബ്ദമുയർത്തുന്നതിന് പകരം മൃദുസമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഭരദ്വാജ് വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനമേർപ്പെടുത്തിയും കേസുകൾ എടുത്തും സർക്കാർ സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്ന ഈ സാഹചര്യത്തിൽ, ചെറിയ പാർട്ടികൾക്ക് സഭയിൽ ലഭിക്കുന്ന പരിമിതമായ സമയം കൃത്യമായി വിനിയോഗിക്കണം. പാർലമെന്റിൽ നടത്തുന്ന ഇത്തരം ‘മൃദുവായ പിആർ പ്രസംഗങ്ങൾ’ കേന്ദ്രസർക്കാർ ഗൗരവമായി കാണുന്നില്ലെന്നും, അത് പാർട്ടിയുടെ പോരാട്ടവീര്യത്തെ തകർക്കുന്നുവെന്നും എഎപി നേതൃത്വം കുറ്റപ്പെടുത്തി.





