കോഴിക്കോട്: ട്രെയിനിന് നേരെ കല്ലേറുണ്ടായി വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരും ഫറോക്ക് അസിസ്റ്റന്റ് പോലീസ് കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു.
പുറമേരി സ്വദേശിനിയായ, ആലുവയിലെ യു.സി. കോളേജിൽ പഠിക്കുന്ന 22 കാരിയായ ഐശ്വര്യ രാമകൃഷ്ണനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കല്ലേറിനെ തുടർന്ന് താടിയെല്ലിന് പരിക്കേൽക്കുകയും പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു.
ഇന്നലെ രാത്രി 9.50ഓടെ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. കടലുണ്ടിയും ഫറോക്കും ഇടയിലാണ് സംഭവം നടന്നത്. ഇതേ സ്ഥലത്ത് വന്ദേ ഭാരത് ട്രെയിനിനും കല്ലേറുണ്ടായതായി റിപ്പോർട്ടുണ്ട്.
മുൻപും ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ സംഭവങ്ങൾ ഉണ്ടായിരുന്നുവെങ്കിലും യാത്രക്കാർക്ക് ഇത്തരത്തിൽ ഗുരുതരമായി പരിക്കേറ്റത് അപൂർവമാണെന്ന് വിലയിരുത്തുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയർത്തുകയാണ്.




