കണ്ണൂർ: വഴിയരികിലൂടെ നടന്നുപോകുന്നയാളെ ഇടിച്ചിട്ടശേഷം ഡോക്ടർ കാർ നിർത്താതെപോയി. മണിക്കൂറുകൾക്കുശേഷം പരിക്കേറ്റയാൾക്ക് ശസ്ത്രക്രിയനടത്തിയ സംഘത്തിലും അതേ ഡോക്ടറുണ്ടായിരുന്നതായി വിവരം. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്.
സി.പി.എം. മട്ടന്നൂർ മരുതായി നാലാങ്കരി ലോക്കൽ കമ്മിറ്റിയംഗം കെ. സുരേന്ദ്രനെ(68)യാണ് അതിവേഗമെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്കൊടുവിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മട്ടന്നൂരിനടുത്ത് പൊറോറമുക്കിലാണ് അപകടം. നാട്ടുകാർ സുരേന്ദ്രനെ മട്ടന്നൂരിലെ ആശുപത്രിയിൽ എത്തിച്ചു. ഇടതുകാലിന്റെ എല്ലുപൊട്ടുകയും നെറ്റിയിൽ വലിയ മുറിവേൽക്കുകയും ചെയ്ത അദ്ദേഹത്തെ വിദഗ്ധചികിത്സയ്ക്ക് കണ്ണൂരിലേക്ക് മാറ്റി.
അപ്പോഴേക്കും, നിർത്താതെപോയ വാഹനത്തിനായുള്ള അന്വേഷണം പോലീസ് തുടങ്ങിയിരുന്നു. കറുത്തകാറാണ് ഇടിച്ചതെന്നു കണ്ടെത്തിയ പോലീസ് അക്കാര്യം സുരേന്ദ്രന്റെ ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചു. അതിനിടെ കണ്ണൂരിലെ ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ഹെഡ്ലൈറ്റ് പൊട്ടിയ കറുത്തകാർ സുരേന്ദ്രന്റെ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടു.
ആശുപത്രിയിലെ അസ്ഥിരോഗവിദഗ്ധൻ പയ്യാമ്പലം ബീച്ച് റോഡ് അൽ ബഷീറിയിൽ ഡോ. സുഹൈൽ ബഷീറിന്റെ കാറാണതെന്ന് പോലീസ് കണ്ടെത്തി. മട്ടന്നൂർ പോലീസ് ഡോക്ടറെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകി വിട്ടു. കെ.എൽ. 13 എ.ടി. 6780 കാറും കസ്റ്റഡിയിലെടുത്തു. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും പേടികൊണ്ടാണ് നിർത്താതെപോയതെന്നുമാണ് ഡോക്ടറുടെ മൊഴി.
സുരേന്ദ്രന് ശസ്ത്രക്രിയനടത്തിയ സംഘത്തിലും ഡോക്ടർ ഉൾപ്പെട്ടിരുന്നതായാണ് സൂചന. അക്കാര്യം അന്വേഷിക്കുമെന്ന് മട്ടന്നൂർ ഇൻസ്പെക്ടർ ബിനു ആന്റണി പറഞ്ഞു. ശസ്ത്രക്രിയക്കുശേഷം ആശുപത്രിവിട്ട് വീട്ടിൽ വിശ്രമത്തിലാണ് സുരേന്ദ്രൻ.
അപകടകരമായ ഡ്രൈവിങ്ങിന് ഭാരതീയ ന്യായസംഹിതയനുസരിച്ചും വാഹനാപകടത്തിൽ പരിക്കേൽക്കുന്നയാൾക്ക് അടിയന്തരചികിത്സ ലഭ്യമാക്കാത്തതിനും അപകടവിവരം പോലീസിൽ അറിയിക്കാതിരുന്നതിനും മോട്ടോർവാഹന നിയമപ്രകാരവുമാണ് കേസ്.




