ആലപ്പുഴ: വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. വയലാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പുത്തുവൽ നികർത്ത് വീട്ടിൽ സാലി (50) ആണ് ശിക്ഷിക്കപ്പെട്ടത്.
വയലാർ സ്വദേശിയായ വർഗീസിനെ കുത്തിയ കേസിലാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജി ലക്ഷ്മി എസ് ശിക്ഷ വിധിച്ചത്. മൂന്ന് വർഷവും മൂന്നുമാസവും കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. തുടർന്ന് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. 2022 മെയ് 15ന് രാത്രി ഒമ്പത് മണിയോടെ വർഗീസ് കുടുംബത്തോടൊപ്പം വീട്ടിൽ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം നടന്നത്. സാലി വീട്ടിൽ അതിക്രമിച്ച് കയറി കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചേർത്തല പൊലീസ് സബ് ഇൻസ്പെക്ടർ വി.ജെ. ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ രാധാകൃഷ്ണൻ ജി കോടതിയിൽ ഹാജരായി.




