കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച കത്ത് താനാണ് എഴുതിയതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമാണെന്നും കത്തിന് പിന്നില്‍ താനാണെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കഴിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരനും താനുമായി ഒരു പ്രശ്നവുമില്ല. തന്റെ പേരിലുള്ള വ്യാജകത്ത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്, ഡിജിപി, ജില്ലാ കളക്ടര്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ ഇത്തരത്തില്‍ ഒരു കത്ത് എഴുതുകയോ, അയയ്ക്കുകയോ ചെയ്തിട്ടില്ല. കത്ത് നല്കിയിട്ടുണ്ടെങ്കില് അത് തുറന്ന് സമ്മതിക്കാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം തനിക്കുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നത്. ആരാണ് വ്യാജകത്ത് സൃഷ്ടിച്ചതെന്ന് കണ്ടുപിടിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.




