തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ “പിതൃബിംബം” ആണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. കഴിഞ്ഞ പത്ത് വർഷമായി മുഖ്യമന്ത്രിയായും അതിന് മുൻപ് ദീർഘകാലം പാർട്ടി സെക്രട്ടറിയായും പ്രവർത്തിച്ച പിണറായി വിജയൻ കേരളീയ സമൂഹത്തിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് എൽഡിഎഫിന്റെ പ്രചാരണത്തിൽ ഒരു ഐക്കൺ എന്ന നിലയിൽ അദ്ദേഹത്തിന്റെ ചിത്രം പ്രധാനമായി ഉയർന്നുവരുന്നതെന്നും എം.എ. ബേബി പറഞ്ഞു.
സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വർധിക്കുന്നത് ഗൗരവകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപെങ്ങുമില്ലാത്തവിധം ദൃശ്യമായ രീതിയിൽ ബിജെപി ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണെന്നും പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ജനസംഘമോ ബിജെപിയോ ഇത്രത്തോളം സജീവമായ സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചില മണ്ഡലങ്ങളിൽ വിജയിക്കാൻ കഴിയുമെന്ന തരത്തിലുള്ള പ്രതീതി ബിജെപി സൃഷ്ടിച്ചിട്ടുണ്ടെന്നും, പണക്കൊഴുപ്പും മാധ്യമങ്ങളുടെ സഹായവും ചില ഇടപാടുകളും വഴിയാണ് പാർട്ടി വളരുന്നതെന്നും എം.എ. ബേബി ആരോപിച്ചു.




