ഈ ചൂട് കാലത്ത് നല്ല തണുത്ത ഐസ് ക്രീം കഴിക്കാൻ താല്പര്യമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ? ചൂട് സമയത്ത് മാത്രമല്ല മഴ പെയ്യുമ്പോഴും ഐസ് ക്രീമുകൾ ആസ്വദിച്ച് കഴിക്കുന്നവരും ഉണ്ട്. എന്നാൽ ഈ ഐസ് ക്രീം വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞലോ എത്ര നന്നായിരിക്കുമെല്ലേ. എന്നാൽ ഇനി എങ്ങനെ എളുപ്പത്തിൽ മിൽക്ക് കുൽഫി ഉണ്ടാക്കാം എന്ന് നോക്കാം. മാങ്ങ, പിസ്ത എന്നിവകൊണ്ട് കുല്‍ഫിയുണ്ടാക്കുന്നത് പതിവാണ്. എന്നാല്‍ കുങ്കുമപ്പൂവിട്ട മിൽക്ക് കുല്‍ഫി ഒന്നു തയ്യാറാക്കി നോക്കാം.
ആവശ്യമായ സാധനങ്ങള്‍
പാല് ഒരുപാക്കറ്റ്
കശുവണ്ടിപ്പരിപ്പ് അരക്കപ്പ്
ബദാം അരക്കപ്പ്
പിസ്ത അരക്കപ്പ്
പഞ്ചസാര ഒരു കപ്പ്
കുങ്കുമപ്പൂവ് അരക്കപ്പ്
തയ്യാറാക്കുന്ന വിധം
പാല് തിളപ്പിച്ച് ക്രീം പോലെ ആക്കുക. അതിനായി ഒരു പാത്രത്തില്‍ പാലെടുത്ത് ഒന്ന് തിളപ്പിക്കുക. പിന്നീട് തീ കുറച്ച് 10 മിനിറ്റ് നേരത്തേക്ക് പാല് ഇളക്കിക്കൊണ്ടിരിക്കണം. മറ്റൊരു പാത്രത്തില്‍ അല്പം ചൂടുള്ള പാലെടുത്ത് അതില്‍ കുങ്കുമപ്പൂവ് കുതിര്‍ക്കാന്‍ വെക്കുക. കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, മഖാന എന്നിവ അരച്ചെടുത്ത് വെക്കുക. കുങ്കുമപ്പൂവ് ചേര്‍ത്ത പാല് നേരത്തേ തിളപ്പിച്ചു വെച്ച പാലിലേക്ക് ഒഴിക്കുക. അതിലേക്ക് അരച്ചുവെച്ച ഡ്രൈഫ്രൂട്ട്സ് ഇട്ട് ഇളക്കുക. പാല് കുറുകുന്നതുവരെ കാത്തിരിക്കുക. ഇനി തീ ഓഫാക്കി ഇത് തണുപ്പിക്കാന്‍ വെക്കാം.
തണുപ്പിച്ച കുല്‍ഫി അച്ചുകളിലോ കോണിലോ ഒഴിച്ചുവെക്കുക. ഐസ് ക്രിസ്റ്റലുകള്‍ ഉണ്ടാകുന്നത് തടയാന്‍ അലുമിനിയം ഫോയിലുകള്‍ കൊണ്ട് അച്ചുകള്‍ പൊതിയാവുന്നതാണ്. ഇവ രാത്രിമുഴുവനോ ആറേഴ് മണിക്കൂറോ ഫ്രീസറില്‍ വെച്ചശേഷം കഴിക്കാം. അച്ചുകളില്നിന്ന് കുല്‍ഫി പൊട്ടാതെ പുറത്തെടുക്കാന്‍ അവ ഫ്രീസറില്‍നിന്ന് എടുത്ത് 5-10 മിനിറ്റ് നേരത്തേക്ക് വെള്ളത്തില്‍ വെക്കുക. ആവശ്യമെങ്കില്‍ റോസ് പെറ്റല്സോ പിസ്തയോ ഉപയോഗിച്ച് അലങ്കരിക്കാവുന്നതാണ്.




