തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു. സംഭവത്തിൽ ഗുരുതര ആരോപണങ്ങളാണ് നിതിന്റെ കുടുംബവും ബന്ധുക്കളും ഉയർത്തുന്നത്. നിതിൻരാജ് താമസിച്ച ഹോസ്റ്റൽ തടവറ പോലെയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
കടുത്ത ജാതി അധിഷേപമാണ് നടന്നിരിക്കുന്നത്. നിതിൻ രാജിനെ മറ്റു വിദ്യാർഥികൾക്കു മുന്നിൽവച്ചു പരസ്യമായി ജാതീയ അധിക്ഷേപം നടത്തിയെന്നും നിറത്തിന്റെ പേരിലും പിതാവിന്റെ തൊഴിലിന്റെ പേരിലും സ്ഥിരമായി അധിക്ഷേപിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. പരീക്ഷയ്ക്ക് തോൽപിക്കുമെന്നും പരാതിപ്പെട്ടാൽ കയ്യും കാലും തല്ലിയൊടിക്കും, നിന്റെ ‘ബോഡി’യാകും ഇവിടെനിന്നു കൊണ്ടുപോകേണ്ടി വരികയെന്നും ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നതായി നിതിന്റെ സഹോദരീഭർത്താവ് പരാതിപ്പെടുന്നു.




