ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തകര്‍പ്പന്‍ സെഞ്ചുറി നേടിയതിനു പിന്നാലെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസൺ. ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കായി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. 56 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് അടിച്ചെടുത്തത്. നേരത്തെ കെ.എല്‍ രാഹുല്‍ പഞ്ചാബ് കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കായി ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
രാജസ്ഥാൻ വിട്ട് ചെന്നൈയിലേക്ക് സഞ്ജു ചേക്കേറിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ കളിച്ച മത്സരങ്ങളിൽ ഒന്നിലും രണ്ടക്കം കടക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. ഏത് ആരാധകരിൽ വളരെ നിരാശയുണ്ടാക്കിയിരുന്നു. ആ സമയത്താണ് ചേട്ടന്റെ തിരിച്ചു വരവ്. ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ചെന്നൈക്കായും സഞ്ജു മൂന്നക്കം കടന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകളുടെ പട്ടികയിലും സഞ്ജുവും ഇടംപിടിച്ചു. 127 റണ്‍സ് നേടിയ മുരളി വിജയാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. ചേട്ടന്റെ കംബാക്ക് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.




