തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥമാണെന്ന് കണ്ടെത്തിയതായും യുഐഡിഎഐ സൈറ്റിൽ പരിശോധിച്ച് ഇത് സ്ഥിരീകരിച്ചതായും പൊലീസ് വ്യക്തമാക്കി. അതേ ആധാർ നമ്പർ തന്നെ ജനന സർട്ടിഫിക്കറ്റിലും ഉണ്ടായിരുന്നുവെങ്കിലും, ജനന സർട്ടിഫിക്കറ്റ് പരിശോധിക്കാൻ പ്രത്യേക സംവിധാനമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഈ മാസം 22ന് ദേശീയ പട്ടികവർഗ കമ്മീഷൻ മുമ്പാകെ ഡിജിപി ഹാജരാകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
വിവാഹത്തെ ചുറ്റിപ്പറ്റിയ വിവാദം ശക്തമായിരിക്കെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന ദേശീയ പട്ടികവർഗ കമ്മീഷന്റെ കണ്ടെത്തലിനെ തുടർന്ന് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തു. കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.
വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് കമ്മീഷൻ കണ്ടെത്തി. 2009 ഡിസംബർ 30നാണ് ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതായും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനുപുറമെ പോക്സോ കേസ് കൂടാതെ പട്ടികവർഗ പീഡനവും വ്യാജരേഖ ചമച്ചതും ഉൾപ്പെടെ കൂടുതൽ കുറ്റങ്ങൾ ചുമത്തണമെന്ന ആവശ്യവും ഉയരുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും വിവാഹത്തിന് നേതൃത്വം നൽകിയവരെല്ലാം പ്രതികളാക്കണമെന്നും പരാതിക്കാരൻ പ്രതികരിച്ചു. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചുവെന്നും ആരോപണമുണ്ട്.
കേരളത്തിലും മധ്യപ്രദേശിലും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




