നമ്മളാരും ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത അത്രയും ചൂടാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന തോന്നല്‍ മനസിലുണ്ടോ? എങ്കിലത് സത്യമാണ്. കേരളം ഇതിന് മുമ്പ് ഇത്രയും ചുട്ടുപഴുത്ത വേറെ കാലമില്ല. ഇതിന്റെ ഭീകരസത്യം എന്തെന്നാല്‍, വരും വര്‍ഷങ്ങളില്‍ സ്ഥിതി ഇതിനേക്കാള്‍ മോശമാവുകയേ ഉള്ളു എന്നത്. കേരളത്തില്‍ മാത്രമല്ല, കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അന്തരീക്ഷ താപനിലയിലെ വര്‍ധന നിലവില്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്ന ഒരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.
ലോക കാലാവസ്ഥാ സംഘടനയും (World Meteorological Organization), ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചും (IPCC) അതിശക്തമായ ചൂടുള്ള ദിനങ്ങളുടെ തീവ്രത, ആവൃത്തി, ദൈര്‍ഘ്യം എന്നിവയിലെ ദ്രുതഗതിയിലുള്ള വര്‍ധനയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. എന്നുവെച്ചാല്‍, ഇപ്പോള്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസം കാണില്ല, വിയര്‍ത്തൊലിക്കും എന്നര്‍ത്ഥം. കേരളത്തിലും ഇനിയങ്ങോട്ട് കൊടും ചൂടിന്റെ കാലങ്ങളായിരിക്കും. വേനലില്‍ മാത്രമായിരിക്കില്ല, ഏകദേശം വര്‍ഷം മുഴുവന്‍ ഇത്തരത്തില്‍ ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണ് നമ്മളിപ്പോള്‍ അനുഭവിക്കുന്നത്.
അര്‍ബന്‍ ഹീറ്റ് ഐലന്റ് എന്ന വില്ലന്‍
എന്തുകൊണ്ടായിരിക്കും ഗ്രാമങ്ങളേക്കാള്‍ നഗരങ്ങളില്‍ ചൂട് കൂടുന്നത്? അതും രാത്രിയിലും അന്തരീക്ഷം നല്ല ചൂടുള്ള അവസ്ഥയിലായിരിക്കും നഗരപ്രദേശങ്ങളില്‍. അതിന് കാരണം നഗരവല്‍ക്കരണമാണ്. കെട്ടിടങ്ങളുടെയും റോഡിന്റെയും നിര്‍മാണത്തിനായി ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ്, ടാര്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ക്ക് വളരെയധികം ചൂട് സംഭരിച്ചുവെക്കാന്‍ ശേഷിയുണ്ട്. ഇങ്ങനെ സംഭരിച്ചുവെക്കുന്ന താപം സമീപാന്തരീക്ഷത്തെ കൂടുതല്‍ ചൂടുള്ളതാക്കി മാറ്റും. രാത്രിയിലും ഈ ചൂട് ഇവ പുറന്തള്ളും. കൂടാതെ മരങ്ങളും മറ്റും മുറിച്ചുമാറ്റുന്നതും കാരണമാണ്. ഇത്തരത്തില്‍ നഗരപ്രദേശത്തെ താപനില ഗ്രാമപ്രദേശങ്ങളെക്കാള്‍ ഉയര്‍ന്നിരിക്കുന്ന പ്രതിഭാസമാണ് അര്‍ബന്‍ ഹീറ്റ് ഐലന്റ് എഫക്ട്. കേരളത്തെ സംബന്ധിച്ച് സംസ്ഥാനം മൊത്തം ഒരു അര്‍ബന്‍ മേഖല പോലെയാണെന്നതിനാല്‍ ആഘാതം വലുതായിരിക്കും.
കോണ്‍ക്രീറ്റ് മേല്‍ക്കൂരയും കൂടുതല്‍ ഗ്ലാസ് ഉപയോഗിച്ചുള്ള നിര്‍മ്മാണങ്ങളും വില്ലന്മാരാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ചൂടിനെ പ്രതിരോധിക്കുവാനുള്ള പദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ വേണം തയ്യാറാക്കാന്‍. ഇതെല്ലാം പരിഗണിച്ചുള്ള പുതിയ ഹീറ്റ് ആക്ഷന്‍ പ്ലാനുകളാണ് നമുക്ക് വേണ്ടത്. ഇങ്ങനെ രാത്രിയിലും കടുത്ത ചൂട് അനുഭവപ്പെടുമ്പോള്‍ സ്വാഭാവികമായും ആളുകളുടെ ഉറക്കം നഷ്ടപ്പെടും. ഇത് ഡിപ്രഷനിലേക്കും ഉല്‍കണ്ഠയിലേക്കും പതിയെ ഊര്‍ജസ്വലത കുറയുന്നതിലേക്കും നയിക്കും. ഉല്‍പാദനക്ഷമത കാര്യമായി കുറയും. പുറംജോലികളില്‍ ഏര്‍പ്പെടുന്നവരെ മാത്രമല്ല അത്യുഷ്ണം ബാധിക്കുന്നത്; അടുക്കളയില്‍ അടുപ്പില്‍ നിന്നുള്ള ചൂട് സ്ത്രീകള്‍ക്ക് ഒരു പ്രധാന വെല്ലുവിളിയാണ്. കെട്ടിടങ്ങള്‍ക്കുള്ളില്‍ അധികം വായുസഞ്ചാരമില്ലാത്ത ഇടങ്ങളില്‍ ഇരുന്ന് ജോലി ചെയ്യുന്നവരെയും മാനസിക പിരിമുറുക്കമുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവരെയും അത്യുഷ്ണം പല രീതിയില്‍ ബാധിക്കും.
എസി വെച്ചതുകൊണ്ട് തല്‍ക്കാലത്തേക്ക് മാത്രമേ പരിഹാരമാകൂ. അതും എല്ലാവര്‍ക്കും സാധിക്കുന്നതുമല്ല. അമിതമായ എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം വൈദ്യുത വിതരണ ശൃംഖലയെയും വലിയ രീതിയില്‍ ബാധിക്കും. മാത്രവുമല്ല ഇത് അര്‍ബന്‍ ഹീറ്റ് ഐലന്റിനും കാരണമാകും. അതുകൊണ്ട് കൂടുതല്‍ പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതും ഊര്‍ജകാര്യക്ഷമവുമായ കൂളിങ് രീതികളും ഉപകരണങ്ങളും പ്രോത്സാഹിപ്പിക്കുന്ന പോളിസികളും പ്ലാനുകളുമാണ് നാടിന് ആവശ്യം.
വീട് നര്‍മ്മാണത്തിലും ഭക്ഷണ-ജീവിത രീതികളിലും ചെറിയ മാറ്റങ്ങള്‍ വരുത്തി ഇതിനെ പ്രകൃതിദത്തമായി നേരിടാന്‍ ജനങ്ങളും തയ്യാറാകണം. കൂള്‍ റൂഫിങ് രീതി എല്ലാ കെട്ടിടങ്ങളിലും നടപ്പാക്കിയാല്‍ വലിയ രീതിയില്‍ ഈ പ്രശ്‌നം കുറയ്ക്കാം. മട്ടുപ്പാവ് കൃഷിയും മുള സ്‌ക്രീനിങ് മുതലായ മാര്‍ഗങ്ങളും മേല്‍ക്കൂരവഴി കെട്ടിടങ്ങളിലേക്ക് ചൂട് കടക്കുന്നതില്‍നിന്നും രക്ഷനേടാനുള്ള മറ്റു പ്രതിരോധ മാര്‍ഗങ്ങളാണ്. എന്തായാലും വിഷയത്തിന്റെ ഗൗരവ സ്വഭാവം തിരിച്ചറിഞ്ഞ് ഭരണകൂടങ്ങളും ജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ചുട്ടുപഴുത്തൊരു മൈക്രോവേവ് ഓവന്റെ അവസ്ഥയിലേക്ക് നമ്മുടെ ഹരിത സുന്ദര കേരളം മാറുന്ന കാഴ്ച്ച അത്ര വിദൂരത്തല്ലാതെ കാണേണ്ടി വരും.




