മൂന്നാർ: മൂന്നാർ പഞ്ചായത്തിലെ നല്ലതണ്ണി കല്ലാർ എസ്റ്റേറ്റിലുള്ള മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തം. വിഷുദിനമായ ബുധനാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ ആരംഭിച്ച തീ പ്ലാന്റ് മുഴുവനായി കത്തിച്ചു. മാലിന്യ സംസ്കരണത്തിന് ഉപയോഗിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും നശിച്ചു.
ബെയ്ലിങ് യന്ത്രം, ഹൈഡ്രോളിക് യന്ത്രം, കൺവെയർ ബെൽറ്റ്, തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം എന്നിവ മുഴുവനായും കത്തിനശിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് വ്യാഴാഴ്ച പുലർച്ചയോടെ തീ നിയന്ത്രണ വിധേയമാക്കിയത്.
പ്ലാന്റിന് സമീപം വന്യജീവികളെ തടയാൻ സ്ഥാപിച്ചിരുന്ന സൗരോർജ വേലിയുടെ ബാറ്ററി പൊട്ടിത്തെറിച്ചതാകാം തീപിടിത്തത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി പ്രദേശവാസികളും പഞ്ചായത്ത് എൽഡിഎഫ് അംഗങ്ങളും ആരോപിച്ചു. മനപ്പൂർവം തീ വെച്ചതാണെന്നും ചിലർ ആരോപിക്കുന്നു.
പ്ലാന്റിൽ ഉണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. വിഷുവായതിനാൽ സംഭവസമയത്ത് പ്ലാന്റിൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ല. ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് തീപിടിത്തം ആദ്യം കണ്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്തംഗങ്ങളുടെ അടിയന്തര യോഗം വിളിച്ചിട്ടുമുണ്ട്. ദേവികുളം സബ് കളക്ടർ വി.എം. ആര്യയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മാലിന്യ സംസ്കരണം പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ടെൻഡർ പൂർത്തിയായിരുന്ന പുതിയ പദ്ധതി ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു.




