വേനല്‍ക്കാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ചര്‍മ്മം. കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇനിയും ചൂട് കൂടുമെന്നിരിക്കെ, അതിജീവിക്കാന്‍ ചര്‍മ്മസംരക്ഷണം അത്യാവശ്യമാണ്.
സണ്‍സ്ക്രീന്‍
വേനല്‍ച്ചൂടില്‍ ചര്‍മത്തിന് ഏറ്റവും അത്യാവശ്യം തീവ്രതകൂടിയ സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്. അതിനായി ഗുണമേന്മയുള്ള സണ്‍സ്ക്രീന്‍ ഉപയോഗിച്ചു തുടങ്ങുക. സണ്‍സ്ക്രീന്‍ സൂര്യപ്രകാശം നേരിട്ടേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സൂര്യതാപം, അസ്വസ്ഥതകള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കും. എസ്പിഎഫ് (SPF) റേറ്റിങ് കുറഞ്ഞത് 15 എങ്കിലുമുള്ള ഒരു ബ്രോഡ്-സ്പെക്ട്രം സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. സ്ഥിരം പുറത്തിറങ്ങുന്നവരാണെങ്കില്‍ മൂന്ന് മണിക്കൂര്‍ ഇടവേളയിലെങ്കിലും സണ്‍സ്ക്രീന്‍ ഉപയോഗിക്കണം.
മോയ്സ്ചറൈസര്‍
സണ്‍സ്ക്രീന്‍ പോലെ പ്രധാനമാണ് മോസ്ചറൈസറും, ചര്‍മത്തിനനുസരിച്ചുള്ള മോയ്സ്ചറൈസര്‍ തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ ചര്‍മം വരണ്ടു പോകാതെ സംരക്ഷിക്കും. രാവിലെയും വൈകുന്നേരവും കുളി കഴിഞ്ഞ് മോയ്സ്ചറൈസര്‍ പുരട്ടാവുന്നതാണ്.
വസ്ത്രം
കാലാവസ്ഥയ്ക്ക് യോജിക്കുന്ന തരത്തില്‍ വസ്ത്രധാരണവും മാറ്റാം. വേനല്‍ക്കാലത്ത് അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്. കയ്യും കാലും മറയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വേണം ധരിക്കാം. സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ തൊപ്പിയോ മറ്റോ ധരിക്കുന്നതും നല്ലതാണ്.
സോപ്പ്
വേനല്‍ക്കാലത്ത് വീര്യം കുറഞ്ഞ സോപ്പുകളും ഡിറ്റര്‍ജന്റുകളും ഉപയോഗിക്കാന്‍ ശ്രമിക്കുക. അതുപോലെ ദീര്‍ഘനേരം വെള്ളത്തില്‍ നില്ക്കുന്നതും ഒഴിവാക്കാം. ചൂടുവെള്ളത്തിലുള്ള കുളിയും കൂടുതല്‍ നേരം ഷവറിനു കീഴില്‍ നില്കുന്നതും ചര്‍മത്തിലെ എണ്ണമയം ഇല്ലാതാക്കും. ചൂടു വെള്ളത്തിന് പകരം ഇളം ചൂടുവെള്ളമായിരിക്കും നല്ലത്.
ഭക്ഷണത്തിലും ശ്രദ്ധിക്കാം
വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം കുറയാതെ കാക്കണം. പകല്‍ സമയം ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ചര്‍മം തിളങ്ങാനും സഹായിക്കും. ചുണ്ടും മുഖവും വരണ്ടു പോകാതിരിക്കാന്‍ ജലാംശം സഹായിക്കും. കൂടാതെ ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ സി സമ്പുഷ്ടവും അനാരോഗ്യകരമായ കൊഴുപ്പ് ഉള്‍പ്പെടാത്തതും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയതുമായ ഭക്ഷണം ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.




