മുംബൈ: അഫ്ഗാനിസ്താൻ സ്പിന്നർ റാഷിദ് ഖാന് ഇന്ത്യൻ പൗരത്വവും ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നു. എന്നാൽ ഈ നിർദ്ദേശം താരം നിരസിച്ചതായാണ് വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ഓസ്‌ട്രേലിയയും സമാനമായ ഓഫർ നൽകിയിരുന്നുവെങ്കിലും അതും അദ്ദേഹം സ്വീകരിച്ചില്ലെന്ന് കൂട്ടിച്ചേർത്തു.
‘റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്സ് ടു സ്റ്റാർഡം’ എന്ന ജീവചരിത്രത്തിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2023ലെ ഐപിഎൽ സീസണിനിടെ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു മുതിർന്ന വ്യക്തിയാണ് അദ്ദേഹത്തെ സമീപിച്ചതെന്നാണ് പറയുന്നത്. അഫ്ഗാനിസ്താനിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഇന്ത്യയിൽ താമസിച്ച് പൗരത്വം സ്വീകരിക്കാനും ഇവിടെ ക്രിക്കറ്റ് കളിക്കാനും അദ്ദേഹം നിർദേശിച്ചു.
എന്നാൽ താൻ തന്റെ രാജ്യമായ അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ചുകൊണ്ടാണ് കളിക്കുകയെന്ന നിലപാട് റാഷിദ് ഖാൻ വ്യക്തമാക്കി. “എന്റെ രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിയില്ലെങ്കിൽ, മറ്റേതൊരു രാജ്യത്തിനായും ഞാൻ കളിക്കില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇന്ത്യയിൽ നിന്ന് മാത്രമല്ല, ഓസ്‌ട്രേലിയയിൽ നിന്നുമുള്ള സമാനമായ നിർദേശങ്ങളും ലഭിച്ചതായി താരം പറഞ്ഞു. 2018ൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിന് ശേഷം, അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം നൽകണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ശക്തമായി ഉയർന്നിരുന്നു.




