ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ 2025–26 സാമ്പത്തിക വർഷത്തിൽ ഉപയോഗശൂന്യമായ ആസ്തികൾ വിറ്റഴിച്ച് 6813.86 കോടി രൂപ സമാഹരിച്ചതായി അറിയിച്ചു. 6000 കോടി രൂപയെന്ന ലക്ഷ്യം മറികടന്നാണ് ഈ നേട്ടമെന്നു റെയിൽവേ വ്യക്തമാക്കി.
യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ, ടിക്കറ്റിതര വരുമാന മാർഗങ്ങൾ വികസിപ്പിച്ചുകൊണ്ടാണ് സ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഈ വരുമാനം സ്റ്റേഷനുകളുടെ സൗകര്യ വികസനം, ശുചിത്വം, ഡിജിറ്റൽ സേവനങ്ങൾ, യാത്രാ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ വിനിയോഗിക്കുന്നതായും വ്യക്തമാക്കി.
2024–25 സാമ്പത്തിക വർഷത്തിലും സ്‌ക്രാപ്പ് വിൽപ്പനയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചു. അന്ന് 5400 കോടി രൂപ ലക്ഷ്യമിട്ടിരുന്നപ്പോൾ 6641.78 കോടി രൂപയാണ് ലഭിച്ചത്. ഉപയോഗശൂന്യമായ വസ്തുക്കൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിലൂടെ വരുമാനം കണ്ടെത്തുന്നതിനൊപ്പം ഡിപ്പോകൾ, യാർഡുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ സൃഷ്ടിക്കാനും സാധിച്ചതായി റെയിൽവേ അറിയിച്ചു.
ടിക്കറ്റിതര വരുമാനത്തിലും വൻ വർധനയാണ് രേഖപ്പെടുത്തിയത്. 2021–22ൽ ഏകദേശം 290 കോടി രൂപയായിരുന്ന ഇത് 2025–26ൽ 777.76 കോടി രൂപയായി ഉയർന്നു. അഞ്ചുവർഷത്തിനിടെ ഏകദേശം 168 ശതമാനം വളർച്ചയാണ് ഉണ്ടായത്. പരസ്യങ്ങൾ, റെയിൽവേ ആസ്തികളുടെ വാണിജ്യ ഉപയോഗം തുടങ്ങിയവയാണ് പ്രധാന വരുമാന മാർഗങ്ങൾ.
റെയിൽവേ സ്റ്റേഷനുകളിൽ പ്രമുഖ ബ്രാൻഡ് കടകൾ സ്ഥാപിക്കുന്നതടക്കമുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ഇതിനകം 22 പ്രമുഖ ബ്രാൻഡുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. കൂടാതെ മൾട്ടി-ലെവൽ പാർക്കിംഗ്, മെഡിക്കൽ കേന്ദ്രങ്ങൾ, നഴ്‌സിങ് സൗകര്യങ്ങൾ, വാഗൺ ശുചീകരണ കരാറുകൾ, ഇ-വീൽചെയർ സേവനം, ഹെൽത്ത് കിയോസ്‌ക്, ഗെയിമിംഗ് മേഖല, കോ-വർക്കിംഗ് സ്‌പേസ്, അതിവേഗ വൈഫൈ, പ്ലാറ്റ്ഫോം ബ്രാൻഡിംഗ് തുടങ്ങിയ സംരംഭങ്ങളും ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ റെയിൽവേ നടപ്പാക്കിവരുന്നു.




