തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടയെ എംഡിഎംഎയുമായി പോലീസ് പിടികൂടി. ‘തമ്പുരു വിഷ്ണു’ എന്നറിയപ്പെടുന്ന കഠിനംകുളം സ്വദേശിയായ വിഷ്ണുവിനെയാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.
കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മൂന്ന് മാസത്തിനിടെ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ കഴിഞ്ഞ മാസം ഇയാൾ റിമാൻഡിലായിരുന്നു.
ജാമ്യത്തിലിറങ്ങിയതിന് ശേഷം എംഡിഎംഎ കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ വീടിന് സമീപത്ത് നിന്ന് പിടികൂടിയത്. തുടർന്ന് കഠിനംകുളം പൊലീസിന് കൈമാറി. ഇയാളിൽ നിന്ന് 2.2 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വധശ്രമം, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ വിഷ്ണുവിനെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




