ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ട്. ബുധനാഴ്ച ഇറാന്റെ സായുധ വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വെടിയുതിർത്തെന്നാണ് വിവരം. വെടിവെപ്പിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇറാന്റെ ഗൺബോട്ടുകളിൽ നിന്നാണ് വെടിവെപ്പ് ഉണ്ടായതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ആക്രമണം നടന്നതെന്നും അവർ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട കപ്പൽ ഏത് രാജ്യത്തിന്റേതാണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ ഇറാൻ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഹോർമുസിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇതിന് മുൻപ് ഹോർമുസ് കടന്നുപോകാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെയും ഇറാൻ സേന വെടിവെച്ചിരുന്നു. ഈ സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു.
അതേസമയം, യുഎസ് ഒരു ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതായി ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെ ഇറാൻ ശക്തമായ പ്രതികരണം അറിയിക്കുകയും തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.






