കോഴിക്കോട്: തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ പൊലീസ് നടത്തിയ രാത്രിയിലത്തെ പരിശോധനയ്‌ക്കെതിരെ ആക്ഷേപം ഉയർന്നു. പ്രസവിച്ച് കിടക്കുന്ന സ്ത്രീയുടെ മുറിയിലേക്കും പൊലീസ് കടന്ന് പരിശോധന നടത്തിയെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.
തിരുവള്ളൂർ സ്വദേശി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സിദ്ദീഖിന്റെ വീട്ടിലായിരുന്നു പരിശോധന. അടുത്തിടെ പ്രദേശത്ത് ലീഗ്–സിപിഎം സംഘർഷം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായി സിദ്ദീഖിനെ ചേർത്തിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന പാതിവഴിയിൽ നിർത്തി മടങ്ങി.




