റിയാദ്: പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം വിമാന സർവീസുകൾ തടസ്സപ്പെടുകയും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ, സന്ദർശന വിസയിൽ സൗദിയിലെത്തി മടങ്ങാൻ കഴിയാതെ കുടുങ്ങിയ വിദേശികൾക്ക് ആശ്വാസം. കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ നിശ്ചിത കാലയളവിലേക്ക് കൂടി പുതുക്കി നൽകുന്നതായി ജവാസത് (പാസ്പോർട്ട് ഡയറക്ടറേറ്റ്) നടപടി ആരംഭിച്ചതായി വിവരം.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ആവശ്യമായ രേഖകളുമായി ജവാസത്തിനെ സമീപിച്ച നിരവധി ഇന്ത്യക്കാർക്ക് വിസ പുതുക്കി ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. വിസ പുതുക്കിയവർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെക്കുന്നു.
നിലവിൽ സിംഗിൾ എൻട്രി വിസയിൽ എത്തിയ ഇന്ത്യക്കാർക്കാണ് റിയാദ് ജവാസത് ഓഫീസിൽ നിന്ന് പുതുക്കൽ ലഭിക്കുന്നത്. ആദ്യം അനുവദിച്ചിരുന്ന കാലയളവിനൊത്തതുപോലെ തന്നെ വിസ കൂടി നീട്ടുന്നതായാണ് വിവരം. മൾട്ടിപ്പിൾ എൻട്രി വിസകളുടെ കാര്യത്തിൽ വ്യക്തതയില്ല.
വിസ പുതുക്കാൻ വിസ എക്സ്റ്റൻഷൻ ഫോറം, അബ്ഷീർ പോർട്ടലിൽ നിന്നുള്ള വിസ കാലാവധി പ്രിന്റൗട്ട്, പാസ്പോർട്ട് പകർപ്പ്, നിലവിലെ വിസയുടെ കോപ്പി, സ്പോൺസറുടെ ഇഖാമയുടെ പകർപ്പ് എന്നിവ സമർപ്പിക്കണം. ഹെൽത്ത് ഇൻഷുറൻസ് സാധുവായിരിക്കണം. 100 റിയാൽ ഫീസും അടയ്ക്കണം.
കൂടാതെ, യാത്ര മുടങ്ങിയ വിമാന ടിക്കറ്റിന്റെ കോപ്പിയോ പുതിയ തീയതിയിലുള്ള ടിക്കറ്റോ കൈവശം വെക്കുന്നത് നടപടികൾ സുഗമമാക്കും. ജവാസത്തിൽ നിന്നുള്ള അപ്പോയിന്റ്മെന്റ് സ്ലിപ്പും കരുതേണ്ടതുണ്ട്.



