കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര്‍ന്ന് യാത്രക്കാരന് നഷ്ടപരിഹാരമായി 49,417 രൂപ നൽകാൻ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. ബസ് വൈകിയെത്തിയതിനാൽ ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിനാണ് നഷ്ട പരിഹാരത്തുക കൈമാറാൻ ഉത്തരവായിരിക്കുന്നത്. ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും നല്‍കാനാണ് ഉത്തരവിട്ടത്. 2024 ജനുവരി 31ന് രാത്രി എട്ട് മണിക്ക് ബെംഗളൂരുവില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെട്ട ബസിലാണ് ഇയാൾ യാത്ര ചെയ്‌തത്. രാവിലെ 10ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ചങ്ങനാശേരിയിലെത്താനായത്. കൂടാതെ, യാത്രാമധ്യേ രണ്ട് തവണ ബസ് തകരാറിലാവുകയും ചെയ്തിരുന്നു.




