റിയാദ്: സൗദി അറേബ്യയെ ജോർദാൻ, സിറിയ എന്നിവിടങ്ങളിലൂടെ തുർക്കിയുമായി ബന്ധിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള റെയിൽവേ പദ്ധതിയുടെ സാധ്യതാ പഠനം ഈ വർഷം അവസാനം പൂർത്തിയാകുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽജാസർ അറിയിച്ചു. ‘അൽ അറേബ്യ’ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു നൂറ്റാണ്ട് മുൻപ് പ്രവർത്തിച്ചിരുന്ന ഹിജാസ് റെയിൽവേയ്ക്ക് സമാനമായ രീതിയിൽ പുതിയ റെയിൽ പാത വികസിപ്പിക്കാനുള്ള സാധ്യതയാണ് നിലവിൽ പരിശോധിക്കുന്നത്. മേഖലാ രാജ്യങ്ങൾക്കിടയിൽ സുസ്ഥിരമായ കരഗതാഗത സംവിധാനം വികസിപ്പിക്കുകയും വ്യാപാര ഇടപാടുകൾ ശക്തിപ്പെടുത്തുകയും പ്രാദേശിക സംയോജനം വർധിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇപ്പോൾ സൗദിയുടെ ദേശീയ റെയിൽ ശൃംഖല അൽ ഹദീത അതിർത്തി വഴി ജോർഡാൻ വരെ വ്യാപിച്ചിരിക്കുകയാണ്. ഭാവിയിൽ ഈ പാത അന്താരാഷ്ട്ര റെയിൽ കണക്റ്റിവിറ്റിയുടെ തന്ത്രപരമായ കേന്ദ്രമായി മാറുമെന്നതാണ് വിലയിരുത്തൽ.
പദ്ധതിയുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകളും സജീവമാണ്. ഇതിനിടെ സൗദി, ജോർഡാൻ ഗതാഗത മന്ത്രിമാർ വീഡിയോ കോൺഫറൻസിലൂടെ സഹകരണ സാധ്യതകൾ ചർച്ച ചെയ്തു. കര, കടൽ, വ്യോമ ഗതാഗത മേഖലകളിലെ സഹകരണം വർധിപ്പിക്കലും വിതരണ ശൃംഖല ശക്തിപ്പെടുത്തലുമാണ് പ്രധാനമായും ചര്‍ച്ചയായത്.
അതേസമയം, തുർക്കിയും സിറിയയിലേക്ക് റെയിൽവേ ബന്ധം വിപുലീകരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. 1900 മുതൽ 1908 വരെ നിർമ്മിച്ച, ഡമാസ്കസിനെയും മദീനയെയും ബന്ധിപ്പിച്ചിരുന്ന ഏകദേശം 1,322 കിലോമീറ്റർ ദൈർഘ്യമുള്ള ഹിജാസ് റെയിൽവേയെ ആധുനിക രീതിയിൽ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാകുന്നതായാണ് വിലയിരുത്തൽ.




