കൊൽക്കത്ത: ബംഗാളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസിദ്ധമായ ആഹ്വാനം ഓർമ്മിപ്പിച്ച് വോട്ടഭ്യർത്ഥിച്ചു. “എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്ന നേതാജിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
മതുവ മേഖലയിലെ റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. തൃണമൂൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച അദ്ദേഹം, സംസ്ഥാനത്ത് “മഹാ ജംഗിൾ രാജ്” നിലനിൽക്കുകയാണെന്ന് ആരോപിച്ചു. അതിൽ നിന്ന് ജനങ്ങൾക്ക് മോചനം നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
വോട്ടർമാരോട് നേരിട്ട് അഭ്യർത്ഥിച്ചുകൊണ്ട്, “നിങ്ങളുടെ വോട്ട് ഞങ്ങൾക്ക് നൽകുക, ഞങ്ങൾ നിങ്ങളെ തൃണമൂൽ കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും” എന്നായിരുന്നു മോദിയുടെ പ്രസ്താവന. അഴിമതി, ഭയത്തിന്റെ രാഷ്ട്രീയം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, തൊഴിലില്ലായ്മ, അനധികൃത കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് ബംഗാളിനെ രക്ഷപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട രേഖകളും അവകാശങ്ങളും ഉറപ്പാക്കുമെന്നും ഇത് തന്റെ “ഉറപ്പ്” ആണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രചാരണത്തിന്റെ ഭാഗമായി താക്കൂർനഗറിലെ മതുവ ക്ഷേത്രവും അദ്ദേഹം സന്ദർശിച്ചു.
ബുധനാഴ്ച നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രാഷ്ട്രീയ പ്രചാരണം ശക്തമായിരിക്കുകയാണ്.




