കുവൈത്ത് സിറ്റി: കുവൈത്ത് തീരങ്ങളിൽ മീൻപിടുത്ത ബോട്ടുകൾക്കും വിനോദ ബോട്ടുകൾക്കും പകൽ സമയത്ത് യാത്രയ്ക്ക് അനുമതി നൽകിയതോടെ കടൽത്തീരങ്ങളും മറീനകളും വീണ്ടും സജീവമായി. സുരക്ഷാ കാരണങ്ങളാൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെ മുതൽ തന്നെ നിരവധി ബോട്ടുകൾ കടലിലേക്ക് ഇറങ്ങി.
രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് യാത്ര അനുവദിച്ചിരിക്കുന്നത്. നിർദ്ദിഷ്ടമായ മാരിടൈം മാപ്പിൽ രേഖപ്പെടുത്തിയ മേഖലകളിൽ മാത്രമേ ബോട്ടുകൾ സഞ്ചരിക്കാൻ പാടുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡിന്റെ മേൽനോട്ടത്തിലാണ് സർവീസുകൾ നടക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ കടലിൽ കോസ്റ്റ് ഗാർഡ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
നാളുകളായുള്ള ഇടവേളയ്ക്ക് ശേഷം ലഭിച്ച ഈ ഇളവ് മീൻപിടുത്ത തൊഴിലാളികൾക്കും കടൽ യാത്ര പ്രിയർക്കും ആശ്വാസമായിട്ടുണ്ട്. എന്നാൽ ഇത് പൂർണ്ണമായ സ്വാതന്ത്ര്യമല്ലെന്നും എല്ലാ നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി. നിശ്ചിത സമയത്തിന് പുറത്തോ അനുവദിച്ച മേഖലയ്ക്ക് പുറത്തോ സഞ്ചരിക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരും. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.




