ബെംഗളൂരൂ: ബെംഗളൂരുവിലെ നമ്മ മെട്രോയുടെ പിങ്ക് ലൈൻ പദ്ധതി നിർണായക ഘട്ടത്തിലേക്ക് കടന്നു. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ)യുടെ രണ്ടാഴ്ച നീളുന്ന പ്രധാന പരിശോധനകൾ ഏപ്രിൽ 28ന് ആരംഭിച്ച് മെയ് 12 വരെ തുടരും. പാതയുടെ സുരക്ഷയും ശേഷിയും വിലയിരുത്തുന്ന ഈ പരിശോധനകൾക്ക് ശേഷം ആർഡിഎസ്ഒ ഇടക്കാല വേഗതാ സർട്ടിഫിക്കേഷൻ നൽകും.
ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ അറിയിപ്പുപ്രകാരം, ആർഡിഎസ്ഒ സർട്ടിഫിക്കേഷനുശേഷം മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ മറ്റൊരു പരിശോധനയും നടക്കും. അതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയിൽവേ ബോർഡ് അന്തിമ അനുമതി നൽകും. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ ഏകദേശം രണ്ടുമുതൽ മൂന്നുമാസം വരെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
കലേന അഗ്രഹാര മുതൽ നാഗവര വരെ 21 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പിങ്ക് ലൈൻ. ഇതിൽ കലേന അഗ്രഹാര മുതൽ താവരക്കരെ വരെ ഏഴുകിലോമീറ്റർ ഉയരപ്പാതയാണ്. ഈ ഭാഗത്ത് പരീക്ഷണയോട്ടത്തിനായി അഞ്ച് ട്രെയിനുകൾ ഒരുക്കിയിട്ടുണ്ട്. ഡയറി സർക്കിൾ മുതൽ നാഗവര വരെയുള്ള ഭൂഗർഭപാതയുടെ നിർമാണം ഈ വർഷം പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഇതിനിടെ, യെല്ലോ ലൈനിലേക്കുള്ള പത്താമത്തെ ട്രെയിൻ ലഭിച്ചു. സാങ്കേതിക പരിശോധനകൾക്ക് ശേഷം മെയ് മൂന്നാംവാരത്തോടെ സർവീസ് ആരംഭിക്കും. നിലവിൽ പരീക്ഷണയോട്ടത്തിലുള്ള ഒൻപതാമത്തെ ട്രെയിൻ മെയ് ആദ്യത്തോടെ സർവീസിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ.
സൗത്ത് ബെംഗളൂരുവിനെയും ഐടി കേന്ദ്രമായ ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈൻ 19.1 കിലോമീറ്റർ നീളമുള്ളതാണ്. ആകെ 16 സ്റ്റേഷനുകളാണ് ഈ പാതയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.




