നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്നറിയാന്‍ ആകാംഷയോടെ തന്നെയാണ് ഓരോ മലയാളിയും കാത്തിരിക്കുന്നത്. പല രാഷ്ട്രീയ സമവാക്യങ്ങളും തിരുത്തിക്കുറിക്കാന്‍ പോകുന്ന ഈ തെരഞ്ഞെടുപ്പിന്റെ വിധി വരുന്നതിന് മുമ്പേ അവാസന വട്ട കൂട്ടിക്കിഴിക്കലുകളിലും വിലയിരുത്തലുകളിലും പാര്‍ട്ടികളും മുന്നണികളും മുഴുകിയിരിക്കുമ്പോള്‍ ഇതാ സ്വന്തം സര്‍വേയുമായി എത്തിയിരിക്കുകയാണ് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. വെറും സര്‍വേയല്ല, ഇതുവരെ പുറത്ത് വന്ന ഒരു സര്‍വേയിലും പറയാത്ത കാര്യങ്ങള്‍ പലതും അടങ്ങിയതാണ് അന്‍വറിന്റെ സ്വന്തം സര്‍വേ. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോഡ്കാസ്റ്റിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്.
ഇനി സര്‍വേയിലെ സുപ്രധാന വിലയിരുത്തലുകളൊന്ന് നോക്കാം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന കാര്യത്തില്‍ അന്‍വറിന് യാതൊരു സംശയവുമില്ല. അതും 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ഓര്‍ക്കുക, വിഡി സതീശന്റെ 100 സീറ്റ് അവകാശവാദത്തിനപ്പുറം, സംസ്ഥാനത്ത് ഇതുവരെ വന്നിട്ടുള്ള ഒരു സര്‍വേയും യുഡിഎഫോ എല്‍ഡിഎഫോ, ഏത് മുന്നണി അധികാരത്തില്‍ വന്നാലും 80 സീറ്റുകള്‍ക്ക് മുകളില്‍ കയ്യിലുണ്ടാകില്ല എന്ന് പറയുമ്പോഴാണ് അന്‍വറിന്റെ 89 സീറ്റെന്ന അവകാശവാദം. അതുപോലെ ബേപ്പൂരിലെ തന്റെ വിജയത്തിന്റെ കാര്യത്തിലും ഒരു സംശയവും അന്‍വറിനില്ല. വിജയം സുനിശ്ചിതം. മന്ത്രി മുഹമ്മദ് റിയാസ് വീഴുമെന്ന് തന്നെ അന്‍വര്‍ ഉറപ്പിക്കുന്നു. എന്തായാലും സ്വന്തം സര്‍വേയല്ലേ, സ്വപ്‌നം കാണാന്‍ അന്‍വറിനും അവകാശമുണ്ട്. ഒരു കാര്യം മാത്രം ഉറപ്പിച്ച് പറയാം, ബേപ്പൂരില്‍ ശക്തമായ പോരാട്ടം തന്നെ നടന്നിട്ടുണ്ട്. റിയാസ് പുഷ്പം പോലെ ജയിച്ചുകയറുമെന്ന് ഇടത് ഹാന്‍ഡിലുകള്‍ പോലും അവകാശപ്പെടുന്നില്ല എന്നിരിക്കെ അന്‍വറിന് യാതൊരു സാധ്യതയുമില്ല എന്ന് പറായനാവില്ല.
ധര്‍മ്മടത്തെ ആ ‘രഹസ്യം’!
ഇനിയാണ് സര്‍വേയിലെ ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണം. മലബാറില്‍ ആഞ്ഞടിക്കാന്‍ പോകുന്ന ഒരു ‘ആന്റി-പിണറായി’ തരംഗത്തെ കുറിച്ചാണ് അന്‍വര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതായത്, മെയ് നാലിന് ടിവി ഓണ്‍ ചെയ്യുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് പരാജയപ്പെട്ടു എന്ന് കേട്ടാലും ആരും ഞെട്ടരുത്! ഇനി അഥവാ ജയിച്ചാല്‍ തന്നെ അത് വെറും ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് മാത്രമായിരിക്കും. കോണ്‍ഗ്രസ് നേതൃത്വം പോലും സ്വപ്നത്തില്‍ കാണാത്ത ഈ ‘ധര്‍മ്മടം വിപ്ലവം’ നേരത്തെ അറിയിച്ചതിന് അന്‍വറിനോട് നന്ദി പറയാം. ചുരുങ്ങിയത് നമുക്ക് ആ ഞെട്ടല്‍ ഒഴിവാക്കാമല്ലോ!
കഴിഞ്ഞിട്ടില്ല സര്‍വേയിലെ കണ്ടെത്തലുകള്‍. മലബാറില്‍ 60ല്‍ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് സര്‍വേയില്‍ കാണിക്കുന്നത്. മധ്യകേരളത്തില്‍ 32 ല്‍ 21 സീറ്റിലും തെക്കന്‍ കേരളത്തില്‍ 48 ല്‍ 25 സീറ്റും യുഡിഎഫ് നേടും. അതിനൊപ്പം മലപ്പുറത്തെയും വയനാട്ടിലെയും മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്നും അന്‍വര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശക്തമായ പോരാട്ടം നടക്കുന്ന തവനൂര്‍ മാറ്റിനിര്‍ത്തിയാല്‍ മലപ്പുറത്ത് ഇത് ഏറെക്കുറെ സാധ്യമാണെങ്കിലും വയനാട്ടില്‍ അന്‍വറിന്റെ കണക്കുകളില്‍ ചില പൊരുത്തക്കേടുകള്‍ വരുന്നുണ്ട്. പേരാമ്പ്രയിലും ബാലുശ്ശേരിയിലും എലത്തൂരിലും ശക്തമായ മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. പേരാമ്പ്രയില്‍ വിവാദങ്ങള്‍ കൊണ്ട് പ്രചരണകാലം സമ്പന്നമായിരുന്നെങ്കിലും ഫാത്തിമ തഹ്ലിയ ജയിച്ചുകയറുമെന്ന് വിശ്വസിക്കാന്‍ വയ്യ. മറ്റൊരു ശ്രദ്ധേയ വിലയിരുത്തല്‍, വിഎസിന്റെ ഇടത് കോട്ടയായ മലമ്പുഴയില്‍ വിഎസിന്റെ പേരുപയോഗിച്ച് കൈപ്പത്തിയില്‍ മത്സരിക്കുന്ന എസ് സുരേഷ് ജയിക്കുമെന്നതാണ്. സുരേഷ് മൂന്നാം സ്ഥാനത്തേക്ക് വീഴാതിരിക്കട്ടെ എന്ന് മാത്രം ഈ ഘട്ടത്തില്‍ നമുക്ക് പറയാം.
അന്‍വറിന്റേത് സര്‍വേയോ അതോ സൈക്കോളജിക്കല്‍ മൂവോ?
ചുരുക്കത്തില്‍, തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ തന്നെ ‘വിജയാഹ്ലാദ പ്രകടനം’ സ്വന്തം ഫേസ്ബുക്ക് പേജില്‍ നടത്തിയിരിക്കുകയാണ് പി.വി. അന്‍വര്‍. രാഷ്ട്രീയ എതിരാളികളെ വിറപ്പിക്കാനാണോ അതോ അണികളുടെ ആവേശം ചോരാതിരിക്കാനാണോ അതോ ഒരു ടൈംപാസിന് ചെയ്തതാണോ എന്നൊക്കെ അന്‍വറിന് മാത്രമേ അറിയൂ. എന്തായാലും മെയ് നാലിന് വോട്ടിംഗ് യന്ത്രങ്ങള്‍ കണ്ണ് തുറക്കുമ്പോള്‍ അന്‍വറിന്റെ ഈ 89-ന്റെ കണക്ക് കേരള രാഷ്ട്രീയത്തിലെ പുതിയ ചരിത്രമാകുമോ, അതോ പഴയ ‘വാട്ടര്‍ തീം പാര്‍ക്ക്’ കഥകള്‍ പോലെ വെള്ളത്തില്‍ വരച്ച വരയോ തൃണമൂല്‍ നേതൃത്വത്തിന് കൊടുത്ത കത്ത് പോലെയോ ആകുമോ എന്ന് കണ്ടറിയാം. അതുവരെ അന്‍വറിന് തന്റെ ‘പോഡ്കാസ്റ്റ് സ്വര്‍ഗത്തില്‍’ സമാധാനമായി വിശ്രമിക്കാം. മെയ് നാലിന് നമുക്ക് ആരെയും ഞെട്ടാതെ തന്നെ കാണാം!




