കൊല്ലം: കരുനാഗപ്പള്ളിയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതക ചോർച്ച ഉണ്ടായെങ്കിലും ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. കന്നേറ്റി പാലത്തിന് സമീപമുള്ള കരോട്ട് ജംഗ്ഷനിൽ ചൊവ്വാഴ്ച പുലർച്ചെ 12.40ഓടെയാണ് അപകടം സംഭവിച്ചത്.
പാരിപ്പള്ളി പ്ലാന്റിൽ നിന്ന് കൊച്ചി ഉദയംപേരൂരിലേക്ക് പോകുകയായിരുന്ന എൽ.പി.ജി ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. അപകടകരമായി ഓവർടേക്ക് ചെയ്ത ബൈക്കിനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ടാങ്കർ വെട്ടിത്തിരിയുകയും നിയന്ത്രണം വിട്ട് റോഡിന്റെ വശത്തേക്ക് ചരിയുകയും ചെയ്തു.
ടാങ്കർ മറിഞ്ഞതോടെ വാതക ചോർച്ച ആരംഭിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിൽ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളോ സ്പെയർ ഭാഗങ്ങളോ ഇല്ലാത്തതിനാൽ, പിന്നാലെ വന്ന മറ്റൊരു ടാങ്കറിൽ നിന്നുള്ള സ്പെയർ ഗേജ് ഉപയോഗിച്ച് ചോർച്ച നിയന്ത്രണവിധേയമാക്കി.
ഫയർഫോഴ്സ് സംഘം നിരന്തരമായി വെള്ളം സ്പ്രേ ചെയ്ത് അപകടസാധ്യത കുറച്ചതിനുശേഷമാണ് ക്രെയിൻ ഉപയോഗിച്ച് ടാങ്കർ മാറ്റിയത്. കരുനാഗപ്പള്ളി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടിയുടെയും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി. സുനിൽകുമാറിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.




