കൊച്ചി: പിടിച്ചുപറി കേസിൽ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതിയെ ഇടപ്പള്ളിയിൽ നിന്ന് പിടികൂടി. പത്തനംതിട്ട സ്വദേശിയായ റസൽ (20) ആണ് പിടിയിലായത്. ഞായറാഴ്ച പറവൂരിൽ നിന്നാണ് പ്രതി പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്. തുടർന്ന് മൂന്നാം ദിവസമാണ് ഇയാളെ പിടികൂടിയത്. ഇന്നലെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസുകാരെ ആക്രമിച്ച് വീണ്ടും രക്ഷപ്പെട്ടു.
തുടർന്ന് കുന്നുംപുറം പാലത്തിനു സമീപമുള്ള ഇടപ്പള്ളി തോട്ടിൽ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ തിരഞ്ഞു. ആഫ്രിക്കൻ പോളകളുടെ ഇടയിൽ വെള്ളത്തിൽ ഒളിച്ചിരുന്ന ഇയാളെ ഒന്നര മണിക്കൂർ നീണ്ട തെരച്ചിലിന് ശേഷം കണ്ടെത്തി. പിടികൂടുന്നതിനിടെ പ്രതി വീണ്ടും അക്രമാസക്തനായെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കി കരയിലേക്ക് കൊണ്ടുവന്നു. പിടിയിലാകുമ്പോഴും ഇയാളുടെ കയ്യിൽ വിലങ്ങുണ്ടായിരുന്നു.
മൊബൈൽ ഫോൺ, മാല തുടങ്ങിയവ കവർന്ന കേസിലാണ് റസൽ പ്രതിയാകുന്നത്. ഇയാളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റസലിനൊപ്പം രക്ഷപ്പെട്ട മറ്റൊരു പ്രതിയായ സൂരജിനെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിച്ചു.




