എറണാകുളം: വാണിജ്യ സിലിണ്ടറിന് വില കുത്തനെ വർധിച്ചതിൽ പ്രതിഷേധിച്ച് മെയ് ആറിന് സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. ഇതോടെ, വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. എല്‍പിജി നിയന്ത്രണം കാരണം സംസ്ഥാനത്തങ്ങോളമിങ്ങോളം അടച്ചു പൂട്ടിയ ഹോട്ടലുകള്‍ പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് വിലവർധന. നേരത്തെ സിലിണ്ടറിന് നൂറും നൂറ്റമ്പതും രൂപയാണ് കൂട്ടിയിരുന്നത്. എന്നാൽ, ഇത്തവണ ഒറ്റയടിക്ക് കൂട്ടിയത് 993 രൂപയാണ്.
ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ചെറുകിട ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയവയെയൊക്കെ വര്‍ധന സാരമായി ബാധിക്കും. വാണിജ്യ സിലിണ്ടർ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ ഹോട്ടലുകൾ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടിയേക്കും. ദിവസവും ഹോട്ടലുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്നവർക്ക് ഭക്ഷണ വിഭവങ്ങളുടെ വർധനവ് സാരമായി ബാധിച്ചേക്കും.




