ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കേവലം കേവലം ഭരണം നിലനിർത്തുന്നതിന്റേയോ ഭരണമാറ്റത്തിന്റേയോ മാത്രം പോരാട്ടമല്ല. ചിലർക്കെല്ലാം നിലനിൽപ്പിന്റെ കൂടി പോരാട്ടമാണ്. അതിൽ പ്രധാന നേതാക്കൾ മുതൽ പാർട്ടികൾ വരെ ഉണ്ട്. ചില പാർട്ടികൾ ഉദയം ചെയ്യും. ചിലത് കേരള രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് മാഞ്ഞുപോകും, ചിലത് അമീബ പോലെ പിളർന്ന് പിളർന്ന് അങ്ങനെ എണ്ണം കൂടും. അതിൽ അവസാനം പറഞ്ഞ രണ്ട് സാധ്യതകളും തുറിച്ച് നോക്കുകയാണ് കേരള കോൺഗ്രസ് പാർട്ടികളെ.
കേരള കോൺഗ്രസുകൾക്കിത് നിലനിൽപ്പിന്റെ പോരാട്ടം കൂടിയാണ്. നല്ല മുന്നേറ്റം നടത്തണം, ഇല്ലെങ്കിൽ പിടിച്ചുനിൽക്കാനെങ്കിലും കഴിയണം. തിരഞ്ഞെടുപ്പ് ഫലത്തിൽ കേരള കോൺഗ്രസുകൾ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ഇതാണ്. വൻതോൽവികൾ പാർട്ടികളിൽ ആഭ്യന്തര പൊരുത്തക്കേടുകൾക്ക് വഴിയൊരുക്കുമെന്നുറപ്പ്. ചിലപ്പോൾ അത് പിളർപ്പിനും ഇടയാക്കിയേക്കും. ഓരോ വിഭാഗത്തിന്റേയും സാധ്യതകൾ നോക്കാം.
കൂട്ടത്തിലെ പ്രധാനിയായ കേരള കോൺഗ്രസ് എം മത്സരിച്ചത് 12 സീറ്റിൽ. അതിൽ കൈയിലുള്ള അഞ്ചെണ്ണമെങ്കിലും നിലനിർത്താനായാൽ മാത്രം പോരാ. ചെയർമാൻ ജോസ് കെ. മാണിക്ക് പാലായിൽ വിജയം അത്രയേറെ പ്രധാനപ്പെട്ടതാണ് ഇത്തവണ. പാലായിൽ വീണ്ടുമൊരു തോൽവി സംഭവിച്ചാൽ അത് കേരള കോൺഗ്രസ് എമ്മിലെ ആഭ്യന്തര ബലാബലത്തിൽ നിർണായകമാകും. കടുത്ത പ്രലോഭനങ്ങളേയും വിമർശനങ്ങളേയും അതിജീവിച്ച് ഇപ്പോഴും ഇടത് പാളയത്തിൽ തുടരുന്ന എമ്മിന് പക്ഷേ, ഭരണം ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ സങ്കീർണമാകും. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുന്നണി മാറുമോ എന്ന കാര്യം പോലും ചർച്ച ചെയ്യേണ്ടതായി വന്നേക്കാം.
പാർട്ടി തീരുമാനിക്കും മുമ്പേ പാലായിലെ സ്ഥാനാർഥി ജോസായിരിക്കും എന്ന് പ്രഖ്യാപിച്ച മന്ത്രി റോഷി അഗസ്റ്റിന്റെ നടപടി, ജോസ് കെ മാണി ടീമിൽ അമർഷമുണ്ടാക്കിയിരുന്നു. പക്ഷേ, വിഷയം സംയമനത്തോടെ നേരിട്ട ജോസ് കെ മാണിയുടെ നിലപാട് പാർട്ടിയ്ൽ അന്ന് ഒരു കലഹസാധ്യത ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിൽ ആരെങ്കിലും ഒരാൾ ജയിക്കുകയും മറ്റേയാൾ തോൽക്കുകയും ചെയ്താലും പ്രശ്നമാണ്, പ്രത്യേകിച്ച് റോഷി ജയിച്ച് ജോസ് തോൽക്കുന്ന സ്ഥിതിയുണ്ടായാൽ കാര്യങ്ങൾ കൈവിട്ടേക്കാം. ഒരു പിളർപ്പിനുള്ള സാധ്യതകൾ ഇവിടെ മണക്കുന്നു. പാർട്ടിയിലെ ശാക്തിക തുലനാവസ്ഥ നിലനിർത്താൻ രണ്ടുപേരും ജയിക്കണം. എന്നാൽ രണ്ടുപേരും കടുത്ത മത്സരമാണ് നേരിട്ടത് എന്നതും പരിഗണിക്കണം. നിലവിലെ സാഹചര്യത്തിൽ അവരുടെ ഉറപ്പുള്ള സീറ്റ് കാഞ്ഞിരപ്പള്ളി മാത്രമാണ്. റാന്നി, പൂഞ്ഞാർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും കടുത്ത പോരാട്ടം തന്നെ നേരിട്ടിട്ടുണ്ട്.
മറുവശത്ത് പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന ജെ വിഭാഗത്തിനും ഈ തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. യു.ഡി.എഫിനുള്ളിൽ സ്വന്തമായ ഒരു അടയാളപ്പെടുത്തലാണ് അവർക്കിപ്പോൾ വേണ്ടത്. പഴയ പത്തിൽ നിന്ന് കോൺഗ്രസ് രണ്ടെണ്ണം തിരിച്ചെടുത്തത് ജോസഫിനും കൂട്ടർക്കും വലിയ ക്ഷീണമാണ് നൽകിയത്. കിട്ടിയ എട്ടിൽ ഏഴെണ്ണം വരെ ജയിക്കാം എന്നാണ് പാർട്ടിയുടെ കണക്കെങ്കിലും ചില പൊരുത്തക്കേടുകൾ കാണാം. കൈവശമുള്ള രണ്ടിൽ നിന്ന് എത്ര കൂടുതൽ വന്നാലും അവർക്ക് നേട്ടമാണ്.
ഒരുപക്ഷേ വിജയം തൊടുപുഴയും കടുത്തുരുത്തിയും മാത്രമായി ചുരുങ്ങിയാൽ മുന്നണിയിലെ വിഹിതം കുറയും. പാർട്ടിയുടെ അമരത്തേക്ക് കടന്നുവരുന്ന അപു ജോൺ ജോസഫിനും മുന്നോട്ടുള്ള രാഷ്ട്രീയ യാത്രയ്ക്ക് ഈ ഫലം നിർണായകം.
ഇനി ഗണേഷ് കുമാറിന്റേയും അനൂപ് ജേക്കബിന്റേയും കാര്യത്തിൽ, കേവലം അഭിമാനപ്രശ്നമല്ല വിജയം. സ്വന്തം പാർട്ടിയുടെ നിലനിൽപ്പ് തന്നെയാണ് ഇവരുടെ വിഷയം. 2021-ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം 6.84 ലക്ഷം വോട്ടാണ് നേടിയത്. കേരള കോൺഗ്രസ് 5.54 ലക്ഷം വോട്ടും. അതായത് ഇടതുമുന്നണിക്ക് യുഡിഎഫിനേക്കാൾ 12 ലക്ഷം കൂടുതൽ വോട്ടുകൾ. ഈ കണക്കുകൾ കാണിക്കുന്നത് കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് മധ്യകേരളത്തിൽ കേരള കോൺഗ്രസുകളുടെ വോട്ട് വിഹിതം ഫലത്തിൽ എത്ര നിർണായകമെന്നതാണ്.
എട്ടിൽ ഏഴ് സീറ്റുവരെ ജയിക്കാമെന്നാണ് പാർട്ടിയുടെ വിലയിരുത്തലെന്നും കേരള കോൺഗ്രസിന്റെ പ്രസക്തി അടിവരയിട്ട് തെളിയിക്കുമെന്നും വർക്കിങ് ചെയർമാൻ പി.സി. തോമസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളോടെ കേരള കോൺഗ്രസ് എം മുന്നേറുമെന്ന് ഉന്നതാധികാര സമിതിയംഗവും ചീഫ് വിപ്പുമായ ഡോ.എൻ. ജയരാജും വിശ്വസിക്കുന്നു. വൻതോൽവികൾ ഉണ്ടായാൽ ഈ പാർട്ടികളിൽ ആഭ്യന്തര പൊരുത്തക്കേടുകൾ ഉണ്ടാകുമെന്നും വിലയിരുത്തലുകളുണ്ട്.
ചുരുക്കത്തിൽ, 2026-ലെ ഈ നിയമസഭാ തിരഞ്ഞെടുപ്പ് കേരള കോൺഗ്രസുകളുടെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന ഒരു ‘അഗ്നിപരീക്ഷ’ തന്നെയാണ്. കരുത്ത് തെളിയിച്ചാൽ മുന്നണികളിൽ വിലപേശൽ ശേഷി വർദ്ധിപ്പിക്കാമെന്നിരിക്കെ, കാലിടറിയാൽ അത് പാർട്ടികളുടെ അടിത്തറയെ തന്നെ ബാധിക്കും. ജോസ് കെ. മാണിക്കും പി.ജെ. ജോസഫിനും ഇത് കേവലം സീറ്റുകളുടെ എണ്ണമല്ല, മറിച്ച് പാർട്ടിക്കുള്ളിലെ തങ്ങളുടെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വവും അസ്തിത്വവും ഉറപ്പിക്കാനുള്ള പോരാട്ടമാണ്.
ഫലം പുറത്തുവരുമ്പോൾ മധ്യകേരളത്തിലെ ഈ രാഷ്ട്രീയ സമവാക്യങ്ങൾ എങ്ങനെ മാറുമെന്ന് കാത്തിരുന്നു കാണാം. ഒന്നുകിൽ ഈ തിരഞ്ഞെടുപ്പ് കേരള കോൺഗ്രസുകളുടെ കരുത്തുറ്റ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കും, അല്ലെങ്കിൽ പുതിയ പിളർപ്പുകളിലേക്കും ലയനങ്ങളിലേക്കും നയിക്കുന്ന മറ്റൊരു രാഷ്ട്രീയ അധ്യായത്തിന് തുടക്കമിടും. ഒന്നുറപ്പാണ്, കേരള രാഷ്ട്രീയത്തിലെ ഈ ‘അമീബ’കൾക്ക് ഇത് അതിജീവനത്തിന്റെ അന്തിമഘട്ടമാണ്.


