ബെംഗളൂരു: കർണാടക കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ വിനയ് കുൽക്കർണിയെ അയോഗ്യനാക്കി. 2016-ൽ ബിജെപി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന യോഗേഷ് ഗൗഡർ കൊല്ലപ്പെട്ട കേസിലെ ശിക്ഷയാണ് അയോഗ്യതയ്ക്ക് കാരണമായത്.
സി.ബി.ഐ അന്വേഷിച്ച ഈ കേസിൽ വിചാരണക്കൊടുവിൽ വിനയ് കുൽക്കർണിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബെംഗളൂരുവിലെ പ്രത്യേക കോടതി ഇക്കഴിഞ്ഞ ഏപ്രിൽ 15-നാണ് ശിക്ഷ വിധിച്ചത്. വിധി പുറത്തുവന്ന് രണ്ടാഴ്ച കഴിഞ്ഞാണ് നിയമസഭ സെക്രട്ടേറിയേറ്റ് അയോഗ്യത സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
ധർവാഡിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന വിനയ് കുൽക്കർണി, വടക്കൻ കർണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവാണ്. അദ്ദേഹത്തിന്റെ അയോഗ്യത കർണാടകയിലെ സിദ്ധരാമയ്യ സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും ഇത് പ്രധാന ചർച്ചാവിഷയമാകുമെന്നാണ് വിലയിരുത്തൽ.
കോടതി വിധി പ്രകാരം അടുത്ത ആറ് വർഷത്തേക്ക് വിനയ് കുൽക്കർണിക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവില്ല. കേസിൽ മറ്റ് 15 പേരെയും കോടതി ശിക്ഷിച്ചിരുന്നു.
സി.ബി.ഐ കുറ്റപത്രത്തിൽ കൊലപാതക ഗൂഢാലോചനയിലെ മുഖ്യ സൂത്രധാരനായി വിനയ് കുൽക്കർണിയെ ചൂണ്ടിക്കാട്ടിയിരുന്നു. 2020-ൽ സിബിഐ അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹം ജാമ്യത്തിലായിരുന്നു. പിന്നീട് വിചാരണക്കിടെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ജാമ്യം റദ്ദാക്കിയെങ്കിലും, വിചാരണ പൂർത്തിയായ ശേഷം 2026 ഫെബ്രുവരിയിൽ സുപ്രീം കോടതി വീണ്ടും ജാമ്യം അനുവദിച്ചിരുന്നു.




