തൊടുപുഴ: കേരള കോൺഗ്രസുകളിലെ തർക്കങ്ങളിൽ പ്രതികരിച്ച് നിയുക്ത തൊടുപുഴ എംഎൽഎ അപു ജോൺ ജോസഫ്. ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ കേരള കോൺഗ്രസുകൾ തമ്മിലുള്ളൂ എന്നും കേരള കോൺഗ്രസ് (എം) തിരിച്ചെത്തിയാൽ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മടങ്ങിവരവിനു തെറ്റ് ഏറ്റുപറയേണ്ടതില്ല. നിയമസഭയിൽ അവരുടെ പ്രതിനിധി ഇല്ലാത്തത് ദുഃഖകരമായ കാര്യമാണ്. അവർ തിരിച്ചുവരണമെന്നും കേരളത്തിൽ നിലനിൽക്കണമെന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ഭരണത്തിൽ, അർഹതപ്പെട്ട സ്ഥാനം കേരള കോൺഗ്രസിനു ലഭിക്കുമെന്നും അപു പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിൽ വിട്ടുവീഴ്ച ചെയ്ത ഏക പാർട്ടി കേരള കോൺഗ്രസാണ്. അതിന്റേതായ പരിഗണന മന്ത്രിസഭയിലും ലഭിക്കും. കർഷകരുടെ വേദന അറിയുന്ന പ്രസ്ഥാനമെന്ന നിലയിൽ കൃഷിവകുപ്പ് പാർട്ടി ഏറ്റെടുക്കണമെന്നാണ് തന്റെ ആഗ്രഹം. എത്ര മന്ത്രിസ്ഥാനം വേണമെന്നതു ചെയർമാൻ തീരുമാനിക്കുമെന്നും അപു പറഞ്ഞു.


