മലപ്പുറം: മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ തേജസിനെയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
അധ്യാപകരുടെ തുടർച്ചയായ മാനസിക സമ്മർദം സഹിക്കാനാകാതെയാണ് സ്കൂൾ മാറാൻ ടിസി ആവശ്യപ്പെട്ടതെന്നും, എന്നാൽ അത് നൽകാൻ അധികൃതർ തയ്യാറായില്ലെന്നും കുടുംബം പറയുന്നു. പരീക്ഷ എഴുതാതെ ടിസി നൽകില്ലെന്ന് അധ്യാപകർ നിലപാട് എടുത്തതായും അവർ ആരോപിക്കുന്നു.
മോറൽ സയൻസ് വിഷയത്തിൽ മാർക്ക് കുറവായതിനാൽ പരീക്ഷ എഴുതിയാൽ മാത്രമേ ടിസി നൽകൂവെന്ന് അധ്യാപകർ വാശിപിടിച്ചതായും ഇത് മകന്റെ മാനസികാവസ്ഥയെ ബാധിച്ചതായും രക്ഷിതാക്കൾ ആരോപിച്ചു. സ്കൂളിൽ നിന്ന് നിരന്തരം പീഡനം നേരിട്ടതിനാലാണ് ടിസി ആവശ്യപ്പെട്ടതെന്നും കുടുംബം വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ടും ആവശ്യം ഉയരുന്നുണ്ട്.






