മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്ത്, പകരം മറ്റൊരു പ്രധാന വകുപ്പ് ലീഗിന് നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കുന്നതായി അഭ്യൂഹങ്ങള്‍ വന്നതിന് പിന്നാലെയാണ് ലീഗിന്റെ നിലപാട് വ്യക്തമാക്കി കെഎം ഷാജി രംഗത്തെത്തിയത്.
വിദ്യാഭ്യാസ വകുപ്പിന്റെ കാര്യത്തില്‍ ലീഗ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നിലവില്‍ രണ്ടായിട്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിനെയും, ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും ഒന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ ഭാഗത്ത് നിന്ന് മന്ത്രിയാകാന്‍ സാധ്യതയുള്ള ഒരാളാണ് കെഎം ഷാജി. കഴിഞ്ഞ ദിവസം ലീഗിന് വിദ്യാഭ്യാസ വകുപ്പ് കൊടുക്കുന്നതിനെ വിമര്‍ശിച്ച് ബിജെപി നേതാവും കഴക്കൂട്ടം നിയുക്ത എംഎല്‍എയുമായ വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു.






