തിരുവനന്തപുരം: മുഖ്യമന്ത്രി സംബന്ധിച്ച ചർച്ചകളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രകടനങ്ങളോ പ്രതിഷേധങ്ങളോ കൊണ്ട് തീരുമാനങ്ങൾ മാറില്ലെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകാമെന്നും അദ്ദേഹം പരിഹാസമായി പറഞ്ഞു. ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയതുകൊണ്ടോ ഒന്നും തീരുമാനമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്ലക്സുകളിൽ തുപ്പുകയോ കീറുകയോ ചെയ്യുന്നവർ കോൺഗ്രസുകാരല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സീനിയോറിറ്റി മാത്രം മുഖ്യമന്ത്രിയാക്കുന്നതിൽ മാനദണ്ഡമാകേണ്ടതില്ലെന്നും എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും തീരുമാനത്തിൽ പ്രധാന ഘടകങ്ങളാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.




