വാഷിംഗ്ടൺ: പൊതുവേദികളിൽ നിന്ന് മാറിനിൽക്കുകയാണെങ്കിലും ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി രാജ്യത്തിന്റെ യുദ്ധ-സമാധാന തന്ത്രങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നതായി അമേരിക്കൻ ഇന്റലിജൻസ് വിലയിരുത്തുന്നു. അമേരിക്കയുമായി നടക്കുന്ന സമാധാന ചർച്ചകളുടെ ദിശ നിർണയിക്കുന്നതിൽ മുജ്തബ സജീവമാണെന്നാണ് യുഎസ് രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നത്. യുഎസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
ഇറാൻ യുദ്ധത്തിന്റെ ആദ്യ ദിവസമാണ് മുജ്തബയുടെ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തുല്ല അലി ഖമനെയിയും ചില കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. അതേ ആക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് അമേരിക്കയും ഇസ്രായേലും വലിയ ആക്രമണങ്ങൾ നടത്തുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്തെങ്കിലും മുജ്തബ ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
അദ്ദേഹത്തിന്റെ പുതിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടില്ല. യുദ്ധത്തിനിടെ മുജ്തബ കൊല്ലപ്പെട്ടുവെന്നതും ആരോഗ്യനില മോശമാണെന്നതുമായ അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ അതീവസുരക്ഷാ മേഖലകളിൽ പോലും ഇസ്രായേൽ ആക്രമണം നടത്തിയ സാഹചര്യത്തിൽ സുരക്ഷാ കാരണങ്ങളാലാണ് മുജ്തബ പൊതുജനങ്ങളിൽ നിന്ന് മാറിനിൽക്കുന്നതെന്നാണ് വിലയിരുത്തൽ.




