2026 മേയ് ഒന്നിന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘ഗ്രേറ്റ് നിക്കോബാർ പ്രോജക്റ്റ്: എഫ്.എ.ക്യു.’ റിപ്പോർട്ടിൽ, പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാതങ്ങൾ സമഗ്രമായ പരിസ്ഥിതി ആഘാത പഠനത്തിലൂടെയും വിശദമായ പരിസ്ഥിതി മാനേജ്മെന്റ് പദ്ധതിയിലൂടെയും വിലയിരുത്തുകയും നിയന്ത്രിക്കുകയും ചെയ്തുവരുന്നതായി അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഈ വിഷയത്തിൽ 2026 മേയ് മൂന്നിന് തന്നെ വിശദമായ മറുപടി നൽകിയിട്ടുണ്ടെന്നും, 2024 സെപ്റ്റംബറിൽ നടന്ന ലിഖിത ചർച്ചകളുടെ പശ്ചാത്തലത്തിൽ ചില നിർണായക കാര്യങ്ങൾ വീണ്ടും ചൂണ്ടിക്കാണിക്കേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു.
അന്തമാൻ-നിക്കോബാർ ദ്വീപുകളിലെ തുറമുഖപദ്ധതികൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് സമഗ്രമായ പരിസ്ഥിതി ആഘാത പഠനം നിർബന്ധമാണെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്. ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ അതുല്യമായ ജൈവവൈവിധ്യവും പരിസ്ഥിതിസ്വഭാവവും കണക്കിലെടുക്കുമ്പോൾ, കുറഞ്ഞത് മൂന്ന് ഋതുക്കളിലെ വിവരശേഖരണം ഉൾപ്പെടുത്തിയ അടിസ്ഥാന പഠനം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സെക്ടർ സ്പെസിഫിക് മാർഗനിർദേശങ്ങൾ പ്രകാരം, സമുദ്രശാസ്ത്ര വിവരങ്ങൾക്കൊപ്പം വിവിധ ഋതുക്കളിലെ ഭൗതിക, രാസ, ജീവശാസ്ത്ര വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്.
2019ലെ ഐ.സി.ആർ.സെഡ്. വിജ്ഞാപനപ്രകാരം കടലേറ്റ ഭീഷണിയുള്ള തീരപ്രദേശങ്ങളിലെ പദ്ധതികൾക്കും സമഗ്രമായ ഇ.ഐ.എ. നിർബന്ധമാണ്. ഐ.എസ്.ആർ.ഒ.യുടെ 2021 ലെ മാപ്പിംഗ് പ്രകാരം ഗലാത്തിയ ബേ തീരത്തിന്റെ വലിയൊരു ഭാഗം കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശമാണെന്നും കത്തിൽ ഓർമ്മിപ്പിക്കുന്നു.
2022 മാർച്ചിൽ സമർപ്പിച്ച അന്തിമ ഇ.ഐ.എ. റിപ്പോർട്ടിൽ പഠനം 2020 ഡിസംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള ഒരു ശീതകാലഘട്ടത്തിൽ മാത്രമാണ് നടത്തിയതെന്ന് വ്യക്തമാക്കുന്നു. ഇത്രയും ചുരുങ്ങിയ കാലയളവിൽ നടത്തിയ ‘ദ്രുത പഠനം’ പരിസ്ഥിതി ആഘാതങ്ങൾ വിലയിരുത്താൻ അപര്യാപ്തമാണെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ലോക്‌സഭയിൽ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും കത്തിൽ പറയുന്നു.
റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും കുറിച്ചുള്ള പ്രാഥമിക സർവേ ഒൻപത് ദിവസവും, ലെതർബാക്ക് ആമകളെക്കുറിച്ചുള്ള പഠനം ഏഴ് ദിവസവും മാത്രമാണ് നീണ്ടുനിന്നത്. വനപ്രദേശങ്ങളിലെ സർവേയും നാല് ദിവസത്തെ ദ്രുത നിരീക്ഷണമായി മാത്രമാണ് നടത്തിയതെന്നും റിപ്പോർട്ട് സമ്മതിക്കുന്നു. കൂടാതെ, ഇപ്പോൾ ലഭ്യമായ വിവരങ്ങൾ അപൂർണമാണെന്നും മറഞ്ഞുകിടക്കുന്ന ജൈവസമ്പത്ത് ഇതിലും മൂല്യമേറിയതാകാമെന്നും റിപ്പോർട്ടിൽ തന്നെ പരാമർശമുണ്ട്.
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നൽകിയ പഠനങ്ങളും ഏതാനും ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിന്ന വിവരശേഖരണത്തെ അടിസ്ഥാനമാക്കിയുള്ള ‘റാപ്പിഡ് അസസ്‌മെന്റ്’ പഠനങ്ങളാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം അപൂർണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നൽകിയ പരിസ്ഥിതി അനുമതി ശാസ്ത്രീയ വിശ്വാസ്യത ഇല്ലാത്തതാണെന്നും, ഇ.ഐ.എ. നടപടിക്രമത്തെ തന്നെ പരിഹാസ്യമാക്കുന്നതാണെന്നും വിമർശനം ഉയരുന്നു.
2023 ഏപ്രിൽ മൂന്നിന് ദേശീയ ഹരിത ട്രൈബ്യൂണൽ നൽകിയ വിധിയിൽ പരിസ്ഥിതി അനുമതിപ്രക്രിയയിൽ “ഉത്തരം ലഭിക്കാത്ത പോരായ്മകൾ” ഉണ്ടെന്ന് ചൂണ്ടിക്കാട്ടുകയും പുനഃപരിശോധനയ്ക്കായി ഉന്നതാധികാര സമിതി രൂപീകരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, സമിതിയുടെ ചർച്ചകളും റിപ്പോർട്ടും രഹസ്യമാണെന്ന നിലപാടാണ് പരിസ്ഥിതി മന്ത്രാലയം കോടതിയിൽ സ്വീകരിച്ചതെന്നും കത്തിൽ വിമർശിക്കുന്നു. റിപ്പോർട്ട് പരസ്യപ്പെടുത്താത്തത് സുതാര്യതക്കും ഉത്തരവാദിത്തത്തിനും വിരുദ്ധമാണെന്നും, പൊതുചർച്ചക്കും ജനാധിപത്യപരമായ പരിശോധനയ്ക്കുമായി അത് പുറത്തുവിടണമെന്നും ആവശ്യപ്പെടുന്നു.
ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ ജൈവവൈവിധ്യം ആഗോളതലത്തിൽ അതീവ പ്രാധാന്യമുള്ളതാണെന്നും പുതിയ ജീവജാല കണ്ടെത്തലുകൾ ഇപ്പോഴും തുടരുകയാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ വികസനപദ്ധതി ഈ അതുല്യ ആവാസവ്യവസ്ഥയെ തന്നെ നശിപ്പിക്കുമെന്ന ആശങ്കയും രേഖപ്പെടുത്തുന്നു. ‘പകരം വനവത്കരണം’ എന്ന വാദം യാഥാർഥ്യവിരുദ്ധമാണെന്നും, ദേശീയ സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം പരിസ്ഥിതി നാശം ഒഴിവാക്കാനാകുമെന്ന് സുരക്ഷാ വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും പറഞ്ഞ് പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്.






