കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവേ കെസി വേണുഗോപാലിനെതിരെ കണ്ണൂരിൽ പ്രതിഷേധം. പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലെക്സിൽ കരിഓയിൽ ഒഴിച്ച നിലയിലാണ് കണ്ടെത്തിയത്.
ഫ്ലെക്സിൽ കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങളുണ്ടായിരുന്നു. എന്നാൽ കെസി വേണുഗോപാലിന്റെ ചിത്രത്തിൽ മാത്രമാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
ഹൈക്കമാൻഡ് ഫ്ലെക്സ് യുദ്ധം അവസാനിപ്പിക്കാൻ നിർദേശം നൽകിയിട്ടും ചില സ്ഥലങ്ങളിൽ ഇപ്പോഴും ഫ്ലെക്സുകൾ ഉയരുന്നുണ്ട്. എറണാകുളം പള്ളുരുത്തിയിൽ വി.ഡി. സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്ലെക്സ് സ്ഥാപിച്ചു. “വിഡിഎസ് കേരളം ഭരിക്കട്ടെ, ഷാഫി കോൺഗ്രസ് നയിക്കട്ടെ” എന്ന സന്ദേശമാണ് ഫ്ലെക്സിലുള്ളത്.
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി രാഹുൽ ഗാന്ധി വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച വിവരങ്ങൾ പ്രിയങ്ക ഗാന്ധി രാഹുലിനെ ധരിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
അവസാനഘട്ട ചർച്ചകളിൽ കെസി വേണുഗോപാലിനാണ് മുൻതൂക്കമെന്നാണ് സൂചന. നിരവധി എം.എൽ.എമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം വി.ഡി. സതീശനും രമേശ് ചെന്നിത്തലക്കും വ്യത്യസ്ത പിന്തുണയാണ് ലഭിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെ തീരുമാനം വൈകുന്നതിനെതിരെ ഘടകകക്ഷികളിലും അസന്തോഷം ഉയരുന്നുണ്ട്. ബുധനാഴ്ചയ്ക്കകം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.






