തിരുവനന്തപുരം: വി ഡി സതീശന് സര്‍ക്കാരിലെ മന്ത്രിമാർ ആരെല്ലാമെന്ന് ഇന്നറിയാം. രാവിലെ പത്തിന് കന്റോണ്‍മെന്റ് ഹൗസിൽ വകുപ്പുകള്‍ തീരുമാനിക്കാന്‍ ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച നടക്കും. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ദീപാദാസ് മുന്‍ഷിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
മോന്‍സ് ജോസഫും അപു ജോണ്‍ ജോസഫും മന്ത്രി പട്ടികയിലുണ്ട്. മോന്‍സ് ജോസഫിനാണ് പ്രഥമ പരിഗണന. രണ്ടാം മന്ത്രിസ്ഥാനം അപുവിനാണ്. തോമസ് ഉണ്ണിയാടനെയും പരിഗണിക്കുന്നുണ്ട്. മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഇവരിലൊരാള്‍ ചീഫ് വിപ്പാകും. അഞ്ച് മന്ത്രിമാര്‍ വേണമെന്ന നിലപാടില്‍ മുസ്ലിം ലീഗ് ഉറച്ച് നില്‍ക്കുകയാണ്. അതേസമയം, വി ഡി സതീശന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്കായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തല്‍ നിര്‍മ്മാണം തുടരുകയാണ്. 12000 പേര്‍ക്ക് പന്തലില്‍ ഇരിക്കാനുള്ള സൗകര്യവും ബാക്കിയുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്ന് സത്യപ്രതിജ്ഞ കാണാനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.






