ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്നതിനിടെ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ എൽപിജി കപ്പൽ ഗുജറാത്ത് തീരത്തെത്തി. ‘സിമി’ എന്ന എൽപിജി കപ്പൽ ഞായറാഴ്ച ഗുജറാത്തിലെ കാൻഡ്ലയിലെ ദീൻദയാൽ തുറമുഖത്താണ് എത്തിയത്. കപ്പലിൽ ഏകദേശം 20,000 ടൺ പാചകവാതകമാണ് ഉണ്ടായിരുന്നത്. മെയ് 13-നാണ് കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നത്.
യുക്രൈൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിന്റെയും കപ്പൽ ഗതാഗത വകുപ്പിന്റെയും ഏകോപനത്തിലൂടെയാണ് കപ്പൽ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആരംഭിച്ചതിന് ശേഷം ഹോർമുസ് കടന്ന ഇന്ത്യയുടെ പതിനൊന്നാമത്തെ എൽപിജി കപ്പലാണ് ‘സിമി’.
അതേസമയം, ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ ഇന്ത്യയുടെ ഇന്ധന ശേഖരത്തെ കാര്യമായി ബാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ക്രൂഡ് ഓയിൽ ശേഖരം കഴിഞ്ഞ മാസങ്ങളിൽ ഏകദേശം 15 ശതമാനം കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി അവസാനം 107 ദശലക്ഷം ബാരലായിരുന്ന ശേഖരം ഇപ്പോൾ ഏകദേശം 91 ദശലക്ഷം ബാരലായി കുറഞ്ഞതായി കമ്മോഡിറ്റീസ് അനലിറ്റിക്സ് സ്ഥാപനമായ കെപ്ലർ വ്യക്തമാക്കുന്നു. നിലവിലെ ഉപഭോഗം പരിഗണിക്കുമ്പോൾ രാജ്യത്തിന് ഏകദേശം 18 ദിവസത്തേക്കുള്ള ഇന്ധന ശേഖരമാണ് ശേഷിക്കുന്നതെന്നും വിലയിരുത്തുന്നു.
റിഫൈനറികൾ ഇപ്പോൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, പ്രതിസന്ധി നീണ്ടാൽ ഉൽപ്പാദനം കുറയ്ക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോളതലത്തിലും എണ്ണ ശേഖരത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി അന്താരാഷ്ട്ര ഊർജ ഏജൻസി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.






