പുറത്തുനിന്നു കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുള്ളത് എന്നാണ് നമ്മുടെ പൊതുവേയുള്ള ധാരണയെങ്കിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുണ്ട്. ചെറിയ ചില അശ്രദ്ധകൾ മതി, ആരോഗ്യത്തോടെ കഴിക്കുന്ന വീട്ടുഭക്ഷണം വില്ലനാകാൻ. ഏതു കാലാവസ്ഥയിലും വില്ലനാകാൻ സാധ്യതയുള്ള ഭക്ഷ്യവിഷബാധയെ ലളിതമായ ചില ശീലങ്ങളിലൂടെ നമുക്ക് അടുക്കളയിൽ നിന്നുതന്നെ പടികടത്താവുന്നതാണ്.
ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും കഴിക്കുന്നതിന് മുൻപും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക എന്നത് ഇതിനായി നിർബന്ധമാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ടോയ്ലറ്റ് ഉപയോഗിച്ച ശേഷവും, മാലിന്യങ്ങൾ കൈകാര്യം ചെയ്ത ശേഷവും, പച്ചമാംസമോ മീനോ തൊട്ട ശേഷവും കൈകൾ വൃത്തിയാക്കാതെ മറ്റ് ഭക്ഷണപദാർഥങ്ങൾ തൊടരുത്. കൈകളിൽ നിന്നാണ് ഭൂരിഭാഗം ബാക്ടീരിയകളും ഭക്ഷണത്തിലേക്ക് പകരുന്നത് എന്നതുകൊണ്ടുതന്നെ കൈകളുടെ ശുചിത്വം ഏറെ പ്രധാനമാണ്.
പാകം ചെയ്യാത്ത മീൻ, മാംസം, മുട്ട എന്നിവയിലാണ് ബാക്ടീരിയകൾ വളരാൻ കൂടുതൽ സാധ്യതയെന്നതിനാൽ ഇവ പാകം ചെയ്ത ഭക്ഷണവുമായി കലരാതെ സൂക്ഷിക്കണം. മീനും ഇറച്ചിയും അരിയാൻ ഉപയോഗിക്കുന്ന കട്ടിങ് ബോർഡും കത്തിയും പച്ചക്കറികൾ അരിയാൻ ഉപയോഗിക്കരുത്. ഇനി ഉപയോഗിക്കുകയാണെങ്കിൽ തന്നെ അവ സോപ്പിട്ട് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പച്ചമാംസം എപ്പോഴും താഴത്തെ റാക്കിൽ മാത്രം വെക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
ശരിയായി വേവാത്ത ഭക്ഷണങ്ങളിൽ ബാക്ടീരിയകൾ നശിക്കാതെ അവശേഷിക്കാൻ സാധ്യതയുണ്ട്. അതിനാൽ ചിക്കൻ, മീൻ, മറ്റു മാംസങ്ങൾ എന്നിവ പൂർണമായും വേവിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കഴിക്കുക. പകുതി വേവിച്ച മുട്ട സ്ഥിരമായി കഴിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. ഇതിനൊപ്പം മുൻപ് പാകം ചെയ്ത് വെച്ച ഭക്ഷണമാണെങ്കിൽ നന്നായി ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.






