ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് ആറുമാസത്തിലധികം ആയുസുണ്ടാകില്ലെന്ന പ്രവചനവുമായി ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന് വ്യക്തമായ ഭൂരിപക്ഷമില്ലെന്നും മറ്റ് കക്ഷികളുടെ പിന്തുണയിലാണ് ഭരണസഖ്യം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ സഖ്യത്തിനുള്ളിലെ അഭിപ്രായ ഭിന്നതകളും ആഭ്യന്തര പ്രശ്നങ്ങളും കാരണം സർക്കാർ അധികകാലം മുന്നോട്ട് പോകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമയിലെ പോലെ എളുപ്പമല്ല ഭരണനടത്തിപ്പ് എന്നും, രാഷ്ട്രീയത്തിലെ യാഥാർത്ഥ്യങ്ങൾ വിജയ് ഉടൻ മനസ്സിലാക്കുമെന്നുമാണ് അനിത രാധാകൃഷ്ണന്റെ പരിഹാസം.
തെരഞ്ഞെടുപ്പിൽ ഡിഎംകെയെ പ്രധാന എതിരാളിയായി പ്രഖ്യാപിച്ച് മുന്നേറിയ ടിവികെ, കോൺഗ്രസ്, വിസികെ, ഇടതുപക്ഷ കക്ഷികൾ തുടങ്ങിയവയുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചതെന്നതിനെയും അദ്ദേഹം വിമർശിച്ചു. ഈ കൂട്ടുകെട്ട് ദീർഘകാലം നിലനിൽക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ടിവികെ നേതാക്കളും പ്രവർത്തകരും ഈ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനവിധിയെ അവഗണിച്ചുള്ള നിരാശാപരമായ പ്രതികരണങ്ങളാണിതെന്നാണ് ടിവികെ വക്താക്കളുടെ വിമർശനം.






