അബുജ: നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് വിവിധ സ്കൂളുകൾ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ അമ്പതിലധികം കുട്ടികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. നഗരത്തിലെ മൂന്ന് സ്കൂളുകളിൽ നിന്നാണ് കുട്ടികളെ കിഡ്നാപ്പ് ചെയ്തതെന്നാണ് റിപ്പോർട്ട്. കാണാതായവരിൽ ഭൂരിഭാഗവും രണ്ട് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ളവരാണ്.
വെള്ളിയാഴ്ച രാവിലെ മുസ്സ മേഖലയിൽ നടന്ന ആക്രമണത്തിന് പിന്നാലെയാണ് സംഭവം. മോട്ടോർബൈക്കുകളിലെത്തിയ അക്രമികൾ കുട്ടികളെ പിടിച്ചുകൊണ്ടുപോയതായും, രക്ഷപ്പെടുന്നതിനിടെ അവരെ മനുഷ്യകവചമായി ഉപയോഗിച്ചതിനാൽ സുരക്ഷാസേനയ്ക്ക് ഉടൻ ഇടപെടാൻ സാധിക്കാത്തതായും ദൃക്‌സാക്ഷികൾ പറയുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, ബൊക്കോ ഹറാം തീവ്രവാദികളാണ് പിന്നിലെന്നാണ് പ്രാഥമിക സംശയം.
ഗവൺമെന്റ് ഡേ സെക്കൻഡറി സ്കൂൾ, മുസ്സ സെൻട്രൽ പ്രൈമറി സ്കൂൾ, സ്റ്റേറ്റ് യൂണിവേഴ്സൽ ബേസിക് എഡ്യൂക്കേഷൻ ബോർഡ് സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് അധികൃതർ അറിയിച്ചു.






