തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതൽ വിസ്മയങ്ങൾ തീർത്തുകൊണ്ടിരിക്കുന്ന യുഡിഎഫ് ഓരോ ദിവസവും നൽകുന്നത് സസ്പെൻസ് ത്രില്ലറുകളാണ്. വി ഡി സതീശൻ മന്ത്രിസഭയിൽ അവസാന നിമിഷം എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇടംപിടിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷായിരുന്നു അക്കൂട്ടത്തിലെ ലേറ്റസ്റ്റ് വിസ്മയം. പ്രമുഖൻമാരുടെ പേരുകൾ മാറി മറിഞ്ഞ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് 37 കാരനായ ജനീഷിന്റെ നറുക്ക് വീഴുന്നത്. അതും ചാണ്ടി ഉമ്മനെ വരെ വെട്ടിയാണ് ജനീഷിന്റെ എൻട്രി. ഈഴവ പ്രാതിനിധ്യവും തൃശൂർ ജില്ലയ്ക്കുള്ള പരിഗണനയും യുവത്വത്തിന് നൽകിയ മുൻഗണനയും ജനീഷിന് തുണയായി. പുതിയ കാബിനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജനീഷ് സ്വന്തം അധ്വാനത്തിൽ പടുത്തുയർത്തർത്തിയതാണ് ജീവിതം.
അമ്മ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. പെരുമ്പാവൂർ പോളിടെക്നിക്കിൽ രണ്ടാം വർഷ ഡിപ്ലോമ വിദ്യാർഥിയായിരിക്കെയാണ് ചാലക്കുടിയിലെ ബാർ ജീവനക്കാരനായിരുന്ന അച്ഛൻ ജനരഞ്ജൻ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിക്കുന്നത്. കുടുംബത്തിന്റെ ഭാരം അമ്മ പുഷ്പയുടെ ചുമലിലായിരുന്നു. തൊഴിലുറപ്പ് ജോലിക്കു പോയി രണ്ട് കുഞ്ഞുങ്ങളെ അമ്മ പുഷ്പ പോറ്റി വളർത്തി. വീട്ടിലെ ദുരിതം കണ്ടറിഞ്ഞ ജനീഷ് പഠനച്ചെലവിനായി പെരുമ്പാവൂരിൽ സെക്യൂരിറ്റി ജീവനക്കാരനായും ഇന്റർനെറ്റ് കഫേയിലെ തൊഴിലാളിയായും പാർട്ട് ടൈം ജോലി ചെയ്തു. ജീവിതസാഹചര്യങ്ങളോട് പടവെട്ടി വന്ന ജനീഷ് ഇന്ന് എത്തിനിൽക്കുന്നത് കേരളത്തിന്റെ മന്ത്രിപദത്തിൽ.
തൃശൂർ ഗവൺമെന്റ് ലോ കോളജിൽ നിന്ന് ബിബിഎ എൽഎൽബി ബിരുദവും നേടി. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. പോളിടെക്നിക്കിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി തുടങ്ങിയ യാത്ര 2007-ൽ മാള നിയോജകമണ്ഡലം പ്രസിഡന്റ്, 2012-ൽ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്, 2017-ൽ ജില്ലാ പ്രസിഡന്റ് എന്നീ പദവികളിലെത്തിച്ചു.
യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായും 2020-23 കാലയളവിൽ തൃശൂർ ജില്ലാ പ്രസിഡന്റായും തിളങ്ങി. പാലിയേക്കര ടോൾ പ്ലാസയ്ക്കെതിരെ ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ ജനീഷ് നടത്തിയ നിയമയുദ്ധം രാഷ്ട്രീയ കേരളത്തിൽ വലിയ കയ്യടി നേടിക്കൊടുത്തു. മുൻ സർക്കാരിന്റെ നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി 21 ദിവസം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. 2023 മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ജനീഷ്, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായ കൊടുങ്ങല്ലൂരിൽ പാർട്ടി ജനീഷിനെ ഇറക്കുമ്പോൾ കോൺഗ്രസ് നേതൃത്വം പോലും അത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, പരമ്പരാഗത വോട്ടുകൾ ഉറപ്പിച്ചും ഇടതു വോട്ടുകളിൽ വിള്ളലുണ്ടാക്കിയും ജനീഷ് നടത്തിയ പ്രചാരണം ഫലം കണ്ടു. എൽഡിഎഫിലെ അതികായനായ സിപിഐയിലെ വി ആർ സുനിൽകുമാറിനെ 8,308 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സഭയിലെ പുതുമുഖമായ ജനീഷ് പരാജയപ്പെടുത്തിയത്. ആ പോരാട്ടവീര്യത്തിനുള്ള സമ്മാനമായാണ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം ജനീഷ് ഇപ്പോൾ മന്ത്രിസഭയിലേക്ക് എത്തുന്നത്, ഒരുപക്ഷേ ജനീഷ് പോലും പ്രതീക്ഷിക്കാത്ത വരവ്.
എം.ലിജു, ബിന്ദു കൃഷ്ണ എന്നിവർക്കൊപ്പം ആ സമുദായത്തിൽനിന്ന് ഒരാൾ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനമാണ് ഒടുവിൽ ജനീഷിനു വഴിയൊരുക്കിയത്. കെ.ജയന്ത്, സേനാപതി വേണു എന്നിവരും ഈ ഘട്ടത്തിൽ പരിഗണിക്കപ്പെട്ടിരുന്നതാണ്. മൂന്നു പേരും ആദ്യമായാണ് എംഎൽഎ ആകുന്നത് എന്നതിനാൽ അക്കാര്യത്തിൽ ആർക്കും സീനിയോറിറ്റി ഉണ്ടായില്ല. കോഴിക്കോടൻ പ്രാതിനിധ്യം ജയന്തിന് അനുകൂലമാകുമെന്ന സൂചന ശക്തമായെങ്കിലും യൂത്ത് കോൺഗ്രസ് അധ്യക്ഷനാണെന്നത് എഐസിസി കണക്കിലെടുത്തു. 10 വർഷമായി പ്രതിപക്ഷത്തുനിന്ന് യൂത്ത് കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾക്കുള്ള അംഗീകാരം എന്നനിലയ്ക്കു കൂടിയാണു ജനീഷിന്റെ തിരഞ്ഞെടുപ്പ്. ചാണ്ടി ഉമ്മൻ ഒഴിവായതും ജനീഷിനെ പരിഗണിക്കാൻ കാരണമായി.
യുവജനക്ഷേമ വകുപ്പായിരിക്കും ജനീഷിന് ലഭിക്കാൻ സാധ്യതകളേറെ. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി, സാധാരണക്കാരന്റെ പ്രസ്കത സാഹചര്യങ്ങളിൽ നിന്ന് കേരളത്തിന്റെ മന്ത്രിസഭയിലേക്ക് ഉയർന്നു വന്ന ഒ ജെ ജനീഷിന്റെ യാത്ര ഇന്ത്യൻ ജനാധിപത്യത്തിന്റെ തന്നെ മനോഹരമായ മുഖമാണ് കാണിക്കുന്നത്. ഈ 37-കാരൻ, വെറുമൊരു യുവത്വത്തിന്റെ പ്രതീകം മാത്രമല്ല, ഭാവി കേരളത്തിന്റെ പ്രതീക്ഷ കൂടിയാണ്.
യുവജനക്ഷേമ വകുപ്പ് പോലുള്ള ഉത്തരവാദിത്തങ്ങൾ ജനീഷിലേക്ക് എത്തുമ്പോൾ, അത് കേരളത്തിലെ യുവതലമുറയ്ക്ക് വലിയൊരു പ്രചോദനമാകും എന്നതിൽ സംശയമില്ല. താഴെത്തട്ടിലുള്ള ജനങ്ങളുടെ പ്രയാസങ്ങൾ നേരിട്ടറിഞ്ഞു വളർന്ന നേതാവായതിനാൽ, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ കൂടുതൽ കരുതലോടെയുള്ള ഇടപെടലുകൾ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കാം.
പ്രതിപക്ഷത്തിരുന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം യൂത്ത് കോൺഗ്രസ് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഒരു വലിയ അംഗീകാരമാണ് ഹൈക്കമാൻഡ് ജനീഷിന് നൽകിയ ഈ മന്ത്രിപദവി. ആദ്യമായി നിയമസഭയിലെത്തി, പാർട്ടി ഏൽപ്പിച്ച വലിയ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ ജനീഷിന് സാധിച്ചാൽ, അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ കൂടുതൽ കെട്ടുറപ്പുള്ളതാക്കും.






