മലപ്പുറം: മഞ്ചേരി പന്തല്ലൂരിൽ ഞാവൽപ്പഴം പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പന്തല്ലൂർ കടമ്പോടിലെ ബിസ്മി ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരി പുളിക്കൽ റുഷ്ദയുടെയും വെള്ളില സ്വദേശി ജാഫറിന്റെയും മകൻ അഹിൽ ഷാൻ (13) ആണ് മരിച്ചത്.
ഞാവൽപ്പഴം പറിക്കാനായി മരത്തിൽ കയറിയ അഹിൽ ഷാൻ, മുകളിൽ വെച്ച് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പന്തല്ലൂർ ജി.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഹിൽ ഷാൻ. നിയമപരമായ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പന്തല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരൻ ഹിഷാം ആണ്.






