റിയാദ്: സൗദി ബാലന്റെ മരണത്തില്‍ ശിക്ഷ അനുഭവിക്കുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ ശിക്ഷാകാലാവധി ഇന്ന് അവസാനിക്കും. 2006 നവംബറിലാണ് സൗദി ബാലന്‍ അനസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് അനസ് റഹീമിനോട് വഴക്കിട്ടിരുന്നു. ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ കഴുത്തിലെ ഉപകരണത്തില്‍ കൈ തട്ടിയാണ് അനസ് മരണപ്പെട്ടത്.
വധശിക്ഷയായിരുന്നു കോടതി റഹീമിന് വിധിച്ചത്. എന്നാല്‍ ഒന്നര കോടി സൗദി റിയാല്‍ മോചനദ്രവ്യമായി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയത്. തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ റഹീമിന് ഉടന്‍ നാട്ടിലെത്താം.






