എറണാകുളം: ആലുവയിൽ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ 35 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു മലയാളിയുൾപ്പെടെ ഏഴ് പേർ അറസ്റ്റിലായി. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച കഞ്ചാവ് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഷോൾഡർ ബാഗിൽ വസ്ത്രത്തിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡൽ (31), ഇനാഫുൽ മണ്ഡൽ (26), മഫീക്കുൽ മണ്ഡൽ (25), ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടിൽ ആസാദ് (41) എന്നിവരെ തോട്ടക്കാട്ടുകരയിൽ വച്ചും മൂർഷിദാബാദ് സ്വദേശികളായ രാകേഷ് മണ്ഡൽ (25), ബാപ്പി വിശ്വാസ് (28), മാഫിക്കുൽ ബിശ്വാസ് (22) എന്നിവരെ ദേശത്ത് വച്ചുമാണ് പോലീസ് പിടികൂടിയത്.
ഒഡീഷയിൽ നിന്ന് തീവണ്ടി മാർഗമാണ് കഞ്ചാവ് എത്തിച്ചത്. അങ്കമാലിയിൽ തീവണ്ടി ഇറങ്ങി ഓട്ടോറിക്ഷയിൽ ആലുവയിലേക്ക് വരുന്ന വഴിയാണ് ആദ്യ സംഘത്തെ പിടികൂടിയത്. ഓട്ടോ ഡ്രൈവർ ആസാദിനായാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസിനോട് പറഞ്ഞു. കിലോയ്ക്ക് 18,000 രൂപ നിരക്കിലാണ് ആസാദിന് നൽകിയിരുന്നത്. 375 കിലോഗ്രാമോളം കഞ്ചാവാണ് ഈ വർഷം ഇതുവരെ റൂറൽ ജില്ലയിൽ പൊലീസ് പിടികൂടിയത്.






